പത്തനംതിട്ട: വിദ്യാർഥിനി അഞ്ചുവർഷത്തോളം ലൈംഗിക പീഡനത്തിനിരയായ കേസിൽ അഞ്ച് യുവാക്കൾ കൂടി അറസ്റ്റിൽ. ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു. ഇലവുംതിട്ട പൊലീസ് കഴിഞ്ഞദിവസം രാത്രി രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ ഉടൻ പിടികൂടി. സുമിത് (25) ആണ് അറസ്റ്റിലായത്. ഇലവുംതിട്ട പൊലീസ് നേരത്തേ എടുത്ത മൂന്ന് കേസിൽ ആർ. രഞ്ജിത് (23), അതുൽ ലാൽ (19), പി. പ്രവീൺ (20) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.
മലയാലപ്പുഴ സ്റ്റേഷനിലെ കേസിലെ പ്രതി അഭിജിത്തിനെ (26) ചെന്നൈ അണ്ണാനഗറിൽനിന്ന് ബുധനാഴ്ച അറസ്റ്റ് ചെയ്തു. പീഡനക്കേസിൽ ഇതുവരെ 52 പേരാണ് അറസ്റ്റിലായത്. വിദ്യാർഥിനിയുടെ മൊഴിപ്രകാരം ജില്ലയിലെ നാല് സ്റ്റേഷനിലായി ആകെ 30 കേസാണ് രജിസ്റ്റർ ചെയ്തത്. ഇലവുംതിട്ട സ്റ്റേഷനിൽ മാത്രം 17 കേസ് രജിസ്റ്റർ ചെയ്തു. ഇവിടെ 25 പ്രതികളിൽ 19 പേർ പിടിയിലായി. ഒരു പ്രതി പത്തനംതിട്ട പൊലീസ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ജയിലിലാണ്. ഇലവുംതിട്ടയിൽ ഇനി അറസ്റ്റ് ചെയ്യാനുള്ളത് അഞ്ച് പ്രതികളെയാണ്.
പത്തനംതിട്ട സ്റ്റേഷനിലെടുത്ത 11 കേസിൽ രണ്ടെണ്ണത്തിലൊഴികെ എല്ലാ കേസിലെയും പ്രതികൾ അറസ്റ്റിലായി. വിദേശത്തുള്ള രണ്ട് പ്രതികൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പന്തളം -ഒന്ന്, മലയാലപ്പുഴ -ഒന്ന് എന്നിങ്ങനെയാണ് മറ്റ് കേസുകളുടെ എണ്ണം.
വിവിധ സ്റ്റേഷനിലായി ഇനി പിടികൂടാനുള്ളത് ഏഴ് പ്രതികളെയാണെന്ന് ജില്ല പൊലീസ് മേധാവി വി.ജി. വിനോദ്കുമാർ പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന ഡി.ഐ.ജി അജിതാബീഗം പത്തനംതിട്ടയിൽ എത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കേസിന്റെ പുരോഗതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.