തിരുവനന്തപുരം: റേഷൻ കടകൾ വഴി ഭക്ഷ്യധാന്യത്തിനുപകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്ന ‘ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ’ പദ്ധതി നടപ്പാക്കുന്നതിന് കേരളം അനുകൂലമല്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയെ അറിയിച്ചു. കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി നടപ്പായാൽ റേഷൻ വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, റേഷൻ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു വിഭാഗങ്ങൾ എന്നിവരെ ദോഷകരമായി ബാധിക്കും. കേരളത്തിന്റെ ആശങ്ക പരിഗണിച്ചുമാത്രമേ, ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി മന്ത്രി അറിയിച്ചു.
റേഷൻകടകളിലെ ഇ-പോസ് മെഷീനിൽ ഉപയോഗിക്കുന്ന ബയോമെട്രിക് സ്കാനർ കൂടുതൽ സുരക്ഷയുള്ള എൽ-1 വിഭാഗത്തിലേക്ക് മാറ്റാൻ ജൂൺ 30 വരെ സമയം അനുവദിക്കണമെന്ന് നിവേദനത്തിലൂടെ കേരളം ആവശ്യപ്പെട്ടു.
മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്ങിനുള്ള സമയം മാർച്ച് 31ൽനിന്ന് മേയ് 31വരെ നീട്ടണമെന്നും ആവശ്യപ്പെട്ടു. അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് പുറത്തു കഴിയുന്ന എല്ലാ ഗുണഭോക്താക്കൾക്കും അവസരം നൽകാനാണ് സമയം നീട്ടി ചോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.