തിരുവനന്തപുരം: നിലവിലെ കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോഗക്രമത്തിൽ മാറ്റംവരുത്തുകയോ ചെയ്ത ഉടമകൾക്ക് പിഴയൊടുക്കാതെ അക്കാര്യം തദ്ദേശസ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി സർക്കാർ നീട്ടിനൽകും.വസ്തു(കെട്ടിട) നികുതി പരിഷ്കരിച്ച് മാർച്ച് 22ന് ഇറക്കിയ ഉത്തരവിൽ മേയ് 15നകം ഇക്കാര്യം തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുന്ന ഉടമകളെ പിഴയിൽനിന്ന് ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനായി സോഫ്റ്റ്വെയറിൽ 9 ബി ഫോറം ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഫോറം ഇനിയും തദ്ദേശവകുപ്പ് അപ്ലോഡ് ചെയ്യാത്ത സാഹചര്യത്തിലാണ് സമയം നീട്ടിനൽകുന്നത്.
ചട്ടം 17 പ്രകാരം ഒരിക്കൽ വസ്തുനികുതി നിർണയിച്ചശേഷം, തറ വിസ്തീർണത്തിലോ ഉപയോഗക്രമത്തിലോ കെട്ടിട ഉടമ വരുത്തുന്ന മാറ്റം 30 ദിവസത്തിനകം തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം. അല്ലെങ്കിൽ 1000 രൂപ പിഴയോ പുതുക്കിയ വസ്തുനികുതി നിർണയംമൂലം ഉണ്ടാകുന്ന നികുതി വർധനയോ ഏതാണ് അധികം അത് പിഴയായി ചുമത്തും.
അതേസമയം, കെട്ടിടനിർമാണ പെർമിറ്റിനായി ഏപ്രിൽ ഒമ്പതിന് മുമ്പ് സമർപ്പിച്ച അപേക്ഷകൾക്ക് പുതുക്കിയ ഫീസ് ഈടാക്കിയത് തിരികെ നൽകുന്ന കാര്യത്തിലും വർധിപ്പിച്ച പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ്, ലേ ഔട്ട് സ്ക്രൂട്ടിനി ഫീസ് എന്നിവ കുറക്കുന്നതും സംബന്ധിച്ച് ഈയാഴ്ച തീരുമാനമുണ്ടായേക്കും. ഏപ്രിൽ 10 മുതലാണ് ഫീസ് വർധിപ്പിച്ചത്. പഴയ അപേക്ഷകൾക്ക് പുതുക്കിയ ഫീസ് വേണ്ടെന്ന് തീരുമാനിച്ച് ഉത്തരവ് നേരത്തേ ഇറങ്ങിയിരുന്നു. എന്നാൽ, വാങ്ങിയ ഉയർന്ന ഫീസ് തിരികെ നൽകാൻ ധാരണയായെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.