കൊച്ചി: സംസ്ഥാന സെക്രട്ടറിപദത്തിലേക്ക് തുടർച്ചയായ മൂന്നാം തവണയും എത്തുമ്പോൾ കോടിയേരി ബാലകൃഷ്ണന്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും കേന്ദ്ര കമ്മിറ്റിയുടെ 75 എന്ന പ്രായപരിധി ദാക്ഷിണ്യമില്ലാതെ നടപ്പാക്കുമ്പോൾ ഒരാൾക്ക് മാത്രമാണ് ഇളവ് -പോളിറ്റ് ബ്യൂറോ അംഗവും രാജ്യത്തെ ഏക ഇടതു സർക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രിയുമായ പിണറായി വിജയന്.
വെള്ളിയാഴ്ച അവൈലബിൾ പി.ബിയും സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്ന് പുതിയ സംസ്ഥാന കമ്മിറ്റി പാനലിന് അന്തിമരൂപം കൊടുത്തിരുന്നു. 'നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്' എന്ന രേഖയിൽ നടന്ന ചർച്ചക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞ ശേഷമാണ് തെരഞ്ഞെടുപ്പിലേക്ക് കടന്നത്. തുടർന്ന് കോടിയേരി ബാലകൃഷ്ണൻ 13 പേരെ ഒഴിവാക്കിയും 16 പേരെ ഉൾപ്പെടുത്തിയും 88 അംഗ പാനൽ അവതരിപ്പിച്ചു. ഒരാളുടെ സ്ഥാനം ഒഴിച്ചിട്ടു. പാനലിന് ഏകകണ്ഠമായി പ്രതിനിധികൾ അനുമതി നൽകിയ ശേഷമായിരുന്നു സെക്രട്ടറി തെരഞ്ഞെടുപ്പ്. പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ എന്ന ഒറ്റപ്പേര് മാത്രം നിർദേശിച്ചു. മറ്റ് പേരുകൾ ആരും നിർദേശിക്കുകയോ എതിർക്കുകയോ ചെയ്തില്ല.
എട്ടുപേരെ പുതുതായി ഉൾപ്പെടുത്തിയും ഏഴുപേരെ ഒഴിവാക്കിയും സെക്രട്ടേറിയറ്റിനെയും സെക്രട്ടറിയായി കോടിയേരിയെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. പിന്നീട് 17 അംഗ സെക്രട്ടേറിയറ്റിന് രൂപം നൽകി. നേരത്തേ 16 അംഗ സെക്രട്ടേറിയറ്റായിരുന്നു. സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടേറിയറ്റ് രൂപവത്കരിക്കുന്നത് ആദ്യം. വിഭാഗീയതയുടെ വേരറുത്ത് സംഘടന ഏകശില ആയതോടെ സെക്രട്ടേറിയറ്റ് രൂപവത്കരണം വെല്ലുവിളിയേ അല്ലാതായി. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, തോമസ് ഐസക്, എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ.കെ. ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി.എൻ. വാസവൻ, സജി ചെറിയാൻ, എം. സ്വരാജ്, മുഹമ്മദ് റിയാസ്, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ എന്നിവരടങ്ങുന്നതാണ് പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ്.
നിലവിലെ സെക്രട്ടേറിയറ്റിൽനിന്ന് പി. കരുണാകരൻ, എം.എം. മണി, സി.ജെ. തോമസ്, ആനത്തലവട്ടം ആനന്ദൻ, ബേബി ജോൺ, എം.വി. ഗോവിന്ദൻ, എളമരം കരീം എന്നിവരാണ് ഒഴിഞ്ഞത്. ഇതിൽ കരീമും എം.വി. ഗോവിന്ദനും പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനായാണ് ഒഴിഞ്ഞത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളെന്ന നിലക്ക് ഇവർക്ക് സെക്രട്ടേറിയറ്റിൽ പങ്കെടുക്കാം. പ്രായപരിധി കടന്നില്ലെങ്കിലും പുതിയ തലമുറക്കായി ബേബി ജോൺ പിൻവാങ്ങി. മറ്റുള്ളവരെല്ലാം പ്രായപരിധിയെത്തുടർന്ന് മാറിയവരാണ്. ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയതോടെ തിരുവനന്തപുരത്ത് പുതിയ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടിവരും.
88 അംഗ സംസ്ഥാന സമിതിയിൽ സി.വി. വർഗീസ് (ഇടുക്കി ജില്ല സെക്രട്ടറി), പനോളി വത്സൻ (കർഷകസംഘം സംസ്ഥാന സെക്രട്ടറി), രാജു എബ്രഹാം (പത്തനംതിട്ട), എ.എ. റഹീം (ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ്), വി.പി. സാനു (എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ്), ഡോ. കെ.എൻ. ഗണേഷ് (നേരത്തേ ക്ഷണിതാവ്), കെ.എസ്. സലീഖ (പാലക്കാട്), കെ.കെ. ലതിക (കോഴിക്കോട്), പി.ശശി (കണ്ണൂർ ജില്ല കമ്മിറ്റി), കെ. അനിൽകുമാർ (കോട്ടയം), വി. ജോയി (വർക്കല എം.എൽ.എ), ഒ.ആർ. കേളു (മാനന്തവാടി എം.എൽ.എ), ചിന്ത ജെറോം (യുവജന കമീഷൻ അധ്യക്ഷ) എന്നിവർ പുതുമുഖങ്ങളാണ്. ഇതിൽ സംസ്ഥാന സമ്മേളന പ്രതിനിധിപോലുമല്ലാതിരുന്ന പി. ശശിയുടെ വരവ് അപ്രതീക്ഷിതമായി. വി. ജോയിയും അനിൽകുമാറും സമ്മേളന പ്രതിനിധികളല്ലായിരുന്നു.
പ്രതിനിധികൾ അല്ലാത്തവരെയും തെരഞ്ഞെടുക്കാൻ സമ്മേളനത്തിന് അധികാരമുണ്ടെന്നാണ് കോടിയേരി വിശദീകരിച്ചത്. ജോൺ ബ്രിട്ടാസ് എം.പിയെയും എ.കെ.ജി സെൻറർ സെക്രട്ടറി ബിജു കണ്ടക്കൈയെയും ക്ഷണിതാക്കളാക്കി. ഒന്നാം പിണറായി സർക്കാറിൽ മന്ത്രി ആയിരുന്ന പ്രഫ. എൻ. രവീന്ദ്രനാഥിനെ ക്ഷണിതാക്കളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. സംസ്ഥാന സമിതിയിൽനിന്ന് പി. കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, എം.എം. മണി, കെ.ജെ. തോമസ്, ജയിംസ് മാത്യു, കെ.പി. സഹദേവൻ, പി.പി. വാസുദേവൻ, എം. ചന്ദ്രൻ, കെ.വി. രാമകൃഷ്ണൻ, ഗിരിജ സുരേന്ദ്രൻ, ജി. സുധാകരൻ, ആർ. ഉണ്ണികൃഷ്ണപിള്ള, കെ. അനന്തഗോപൻ, കോലിയക്കോട് കൃഷ്ണൻനായർ, സി.പി. നാരായണൻ എന്നിവരാണ് ഒഴിവായത്. ജയിംസ് മാത്യുവും സുധാകരനും ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ നേതൃത്വത്തിൽനിന്ന് എ.എ. റഹീമും വി.പി. സാനുവും സംസ്ഥാന കമ്മിറ്റിയിലേക്കും എം. സ്വരാജും മുഹമ്മദ് റിയാസും പി.കെ. ബിജുവും പുത്തലത്ത് ദിനേശനുംകൂടി സെക്രട്ടേറിയറ്റിലേക്കും എത്തിയതോടെ യുവത്വത്തിന്റെ പ്രാതിനിധ്യം വർധിച്ചു. സംസ്ഥാന സമിതി ക്ഷണിതാക്കളായിരുന്ന എം.എം. ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ്, പി.കെ. ഗുരുദാസൻ, പാലൊളി മുഹമ്മദ് കുട്ടി എന്നിവരെ ഒഴിവാക്കി; വി.എസ്. അച്യുതാനന്ദനെ നിലനിർത്തി. ഒപ്പം സംസ്ഥാന സമിതിയിൽനിന്ന് ഒഴിഞ്ഞ വൈക്കം വിശ്വൻ, പി. കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ, കെ.ജെ. തോമസ്, എം.എം. മണി എന്നിവരെ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.