നെഹ്​റുവിനെ ചാരി സുധാകരൻ തന്‍റെ വർഗീയ മനസ്സിനെ ന്യായീകരിക്കുന്നു, യഥാർഥ കോൺഗ്രസുകാർ​ പ്രതികരിക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: നെഹ്‌റുവിനെ ചാരി തന്റെ വർഗീയ മനസ്സിനെയും ആർ.എസ്.എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.

ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികൾ വർഗീയ അജണ്ടക്ക്​ കളമൊരുക്കിയത്. അന്ന് ആർ.എസ്.എസിനെ നിരോധിച്ചത്​ പ്രധാനമന്ത്രി നെഹ്​റുവാണ്. ആ നെഹ്‌റുവിനെ ആർ.എസ്.എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാൽ സന്തോഷിക്കുന്നത് ആർ.എസ്.എസ് മാത്രമാണ്. തനിക്കു തോന്നിയാൽ ബി.ജെ.പിയിൽ പോകുമെന്നും ആർ.എസ്.എസ് ശാഖക്ക്​​ സംരക്ഷണം നൽകിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആ ചെയ്തികളെ നെഹ്​റുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാൻ യഥാർഥ കോൺഗ്രസുകാർക്ക്​ ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വാർത്തക്കുറിപ്പിൽ പറഞ്ഞു.

വർഗീയ ഫാഷിസത്തോടുപോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസ്സാണ്​ നെഹ്റുവിന്റേതെന്നാണ് കെ. സുധാകരൻ പറഞ്ഞത്. അതും രാജ്യം നെഹ്‌റുവിനെ സ്മരിക്കുന്ന ശിശുദിനത്തിൽ. തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് നെഹ്‌റു. 1947 ഡിസംബർ ഏഴിന് മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ, ആർ.എസ്.എസ് ഉയർത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു: 'ആർ.എസ്.എസ്. സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അതു തീർച്ചയായും കർശനമായ നാസി സ്വഭാവമാണ് തുടരുന്നത്'. മറ്റൊരു കത്തിൽ, ആർ.എസ്​.എസ്​ ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളിൽ അകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗാന്ധിജിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, 1948 ഫെബ്രുവരി അഞ്ചിന്​ മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ: ''ഗാന്ധി വധത്തിന്‍റെ ഗൂഢാലോചനക്കാർ അവരുടെ സെല്ലുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. നമ്മൾ അതിനെ അടിച്ചമർത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം.'' എന്നാണ് എഴുതിയത്.

കോൺഗ്രസിൽ എക്കാലത്തും സുധാകരന്റെ മാനസികനിലയുള്ള വർഗീയവാദികളും ആർ.എസ്.എസ് പക്ഷപാതികളും ഉണ്ടായിരുന്നുവെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ശ്യാമ പ്രസാദ് മുഖർജിയെയും ഡോ. അംബേദ്കറെയും താരതമ്യപ്പെടുത്തുക വഴി ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല, ഡോ. അംബേദ്കറെ അവഹേളിക്കുക കൂടിയാണെന്നും മുഖ്യമ​ന്ത്രി പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan against K Sudhakan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.