കോഴിക്കോട്: പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത നിയമനങ്ങൾക്ക് വിജിലൻസ് ക്ലിയറൻസ് വേണമെന്ന മന്ത്രിസഭ തീരുമാനം ബന്ധുവിെന നിയമിച്ചതിൽ മന്ത്രി ജലീൽ പാലിച്ചിട്ടുണ്ടോയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ബന്ധു നിയമന വിഷയത്തിൽ മന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2016 ഒക്ടോബർ 13ന് നടന്ന മന്ത്രിസഭ േയാഗത്തിലാണ് പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത നിയമനങ്ങൾക്ക് വിജിലൻസ് ക്ലിയറൻസ് വേണമെന്നും ദേശീയ തലത്തിലെ വിദഗ്ധ സമിതിയെ നിയോഗിച്ചു വേണം ജനറൽ മാനേജർ, ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ, മാനേജിങ് ഡയറക്ടർ നിയമനം നടത്താൻ എന്നും തീരുമാനിച്ചത്.
അടുത്ത ദിവസം ഇത് ഉത്തരവായി ഇറങ്ങുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഒപ്പോടെ ഇറങ്ങിയ ഉത്തരവിൽ ആത്മാർഥതയുണ്ടെങ്കിൽ പിണറായി വിജയൻ മന്ത്രിസഭയിൽനിന്ന് ജലീലിനെ പുറത്താക്കണം.
പേഴ്സനൽ സ്റ്റാഫ് നിയമനം പോലെയല്ല പൊതുമേഖല സ്ഥാപനങ്ങളുടെ ജനറൽ മാനേജറെ നിയമിക്കുന്നത്. പേഴ്സനൽ സ്റ്റാഫിൽ മന്ത്രിമാർക്ക് ഇഷ്ടമുള്ളവരെ നിയമിക്കാനാവും. സൗത്ത് ഇന്ത്യൻ ബാങ്ക് സ്റ്റാറ്റ്യൂട്ടറി ബോർഡ് ആണെന്നും ഏഴുപേർ അപേക്ഷിച്ചതിൽ ബന്ധുവിന് മാത്രമാണ് യോഗ്യതയുള്ളത് എന്നുമുള്ള മന്ത്രിയുടെ വാദം തെറ്റാണ്.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽനിന്ന് ആരൊക്കെ വായ്പയെടുത്തിട്ടുണ്ടോ അതെല്ലാം തിരിച്ചുപിടിക്കണം. ബന്ധുവിനെ ഒഴിവാക്കി രക്ഷപ്പെടാമെന്നത് മന്ത്രിയുടെ വ്യാമോഹമാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച സെക്രേട്ടറിയറ്റിലേക്കും മന്ത്രിയുടെ മണ്ഡലത്തിലെ ഒാഫിസിലേക്കും ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ഒാഫിസിലേക്കും മാർച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.