മഞ്ചേരി/പെരിന്തൽമണ്ണ: ആസൂത്രണ സമിതി ഉപാധ്യക്ഷരായി ഭരണസമിതി അംഗങ്ങളുടെ അടുത്ത ബന്ധുക്കളെ നിയമിക്കുന്നത് വിലക്കി സർക്കാർ ഉത്തരവ്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ആസൂത്രണ സമിതി ഉപാധ്യക്ഷനായ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന്റെ ഭർത്താവ് അന്യായമായി ഇടപെടുന്നുണ്ടെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന്റെ 2022 ജൂലൈ ആറിലെ ഉത്തരവ് പരിഗണിച്ചാണിത്. തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് തിങ്കളാഴ്ച ഉത്തരവ് ഇറക്കിയത്.
പ്രസിഡന്റിനെ അടുത്ത ബന്ധുക്കളെ (ഭർത്താവ്, ഭാര്യ, സഹോദരൻ, സഹോദരി, പിതാവ്, മാതാവ്, പുത്രൻ, പുത്രി, സഹോദര ഭാര്യ, സഹോദരീ ഭർത്താവ്, ഭർതൃ സഹോദരൻ, ഭർതൃ സഹോദരി) ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷനായി നിയമിക്കുന്നത് ചട്ടം മൂലം നിരോധിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാറിന്റെ ഉത്തരവ്. ഭരണകാര്യങ്ങളിലെ അനാവശ്യ ഇടപെടലുകൾ നിയന്ത്രിക്കാനും പഞ്ചായത്ത് ഭരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ ഒതുക്കി നിർത്തുന്നതിനുമാണിതെന്ന് ഉത്തരവിലുണ്ട്.
ചട്ടപ്രകാരം തദ്ദേശ സ്ഥാപന അധ്യക്ഷനെ ആസൂത്രണ സമിതിയുടെ അധ്യക്ഷനും ആസൂത്രണ-നിർവഹണ പ്രക്രിയയിൽ വൈദഗ്ധ്യമുള്ളയാളെ ഉപാധ്യക്ഷനുമാക്കി 12 അംഗ ആസൂത്രണ സമിതിയാണ് വേണ്ടത്. സ്ഥിരംസമിതി അധ്യക്ഷ, സന്നദ്ധ സേവകരായ വിദഗ്ധർ എന്നിവർ അംഗങ്ങളും സെക്രട്ടറി കൺവീനറുമാവണം. എന്നാൽ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ വനിത, പട്ടികജാതി സംവരണം വന്നതോടെ ഭരണസമിതിയിലെത്താൻ അവസരം ലഭിക്കാത്തവർ നിർവഹണ പ്രക്രിയയിൽ ഇടപെടാനുള്ള വഴിയായാണ് ചിലയിടത്ത് ആസൂത്രണ സമിതിയെ കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.