ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ അഭിനന്ദനക്കത്തുമായി അന്വേഷണ സംഘം

കേരള പൊലീസിലെ 'ആലുവ സ്ക്വാഡ്'; വെടിയുണ്ടകൾക്ക് മുന്നിലും പതറാത്ത ധീരതക്ക് ആദരവ്

ആലുവ: വെടിയുണ്ടകൾക്ക് മുന്നിലും പതറാതെ കേരള പൊലീസിൻ്റെ അഭിമാനം കാത്ത ആലുവ സ്ക്വാഡിന് ആദരവ്. രാജസ്ഥാനിലെ അജ്മീറിൽ നിന്നും സാഹസികമായി മോഷ്ടാക്കളെ പിടികൂടിയ അന്വേഷണ സംഘത്തിനെ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയാണ് അഭിനന്ദനക്കത്ത് നൽകി അനുമോദിച്ചത്. ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അഭിനന്ദനക്കത്ത് നൽകിയത്.

അസാമാന്യ ധൈര്യമാണ് അന്വേഷണ സംഘം പ്രകടിപ്പിച്ചതെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. കൃത്യസമയത്ത് വെള്ളമോ ഭക്ഷണമോ കഴിക്കാൻ നിൽക്കാതെ, സമയം ഒട്ടും പാഴാക്കാതെയുള്ള യാത്രയായിരുന്നു. അർപ്പണ മനോഭാവമാണ് ഇതിന് പിന്നിൽ. ഇവർ സേനയ്ക്ക് അഭിമാനമാണ്. സംഘത്തിന് ഡി.ജി.പിയുടെ കാഷ് അവാർഡുൾപ്പെടെയുള്ള പുരസ്ക്കാരത്തിന് ശിപാർശ ചെയ്യും. അജ്മീറിൽ അറസ്റ്റ് ചെയ്ത പ്രതികളെ ഉടൻ കേരളത്തിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അവിടത്തെ പൊലീസിന്‍റെ സഹായം വലിയ തോതിൽ ലഭിച്ചതായും എസ്.പി പറഞ്ഞു.

എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഡിവൈ.എസ്.പി എ. പ്രസാദ്, ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്.ഐ എസ്.എസ്. ശ്രീലാൽ, സി.പി.ഒമാരായ കെ.എം. മനോജ്, വി.എ. അഫ്സൽ, മാഹിൻഷാ, മുഹമ്മദ് അമീർ എന്നിവർ ജില്ല പൊലീസ് മേധാവിയിൽ നിന്ന് അഭിനന്ദനക്കത്ത് ഏറ്റുവാങ്ങി. 

പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ 

 

ആക്രമണത്തിൽ പതറാതെ നിന്നതു കൊണ്ടാണ് പ്രതികളെ കീഴടക്കാൻ സാധിച്ചതെന്ന് പ്രതികളെ പിടികൂടിയ സംഘത്തിന് നേതൃത്വം നൽകിയ എസ്.ഐ ശ്രീലാൽ പറഞ്ഞു.  ചൊവ്വാഴ്ച അർധരാത്രി അജ്മീർ ദർഗക്ക് നൂറ് മീറ്റർ മാറിയാണ് സംഭവമുണ്ടായത്. ഈ മാസം ഒൻപത്, 10 തിയതികളിൽ ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കവർച്ച കേസുകളിലെ പ്രതികളെ പിടികൂടാൻ പോയ അന്വേഷണ സംഘത്തിന് നേരെ പ്രതികൾ വെടിവെക്കുകയായിരുന്നു.

എസ്.ഐ എസ്.എസ്. ശ്രീലാൽ, സി.പി.ഒമാരായ എൻ.എ. മുഹമ്മദ് അമീർ, വി.എ. അഫ്സൽ, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്‌ എന്നിവരടങ്ങുന്ന ആലുവ സ്ക്വാഡാണ് പ്രതികളെ പിടികൂടാൻ പോയിരുന്നത്. കവർച്ച സംഘത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അജ്മീറിലെത്തിയ സംഘത്തിന് രണ്ട് പ്രതികളെ കണ്ടെത്താനും കഴിഞ്ഞു.

തുടർന്ന് ഇവരെ പിടികൂടി വിലങ്ങ് വെക്കുന്നതിനിടയിൽ പ്രതികളിലൊരാൾ തൻ്റെ കൈയ്യിലുണ്ടായിരുന്ന തോക്കുപയോഗിച്ച് പൊലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നു വട്ടം വെടിവെച്ചു. ഇതിൽ ഒരു തവണ ആലുവ പൊലീസിനൊപ്പമുണ്ടായിരുന്ന അജ്മീർ എ.എസ്.പിക്ക് വെടിയേറ്റു. ഇതിനിടയിലും പതറാതെ നിന്ന പൊലീസ് രണ്ട് പ്രതികളേയും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

അജ്മീറിലെത്തി വളരെ സാഹസികമായി കവർച്ച സംഘത്തെ അറസ്റ്റ് ചെയ്ത ആലുവ റൂറൽ എസ്.പിയുടെ  സ്ക്വാഡിലുള്ള  പൊലീസ് ഉദ്യോഗസ്ഥരെ  അൻവർ സാദത്ത് എം.എൽ.എയും അഭിനന്ദിച്ചു. പ്രതികളെ പിടികൂടുന്നതിനിടയിൽ വെടിവെയ്പുണ്ടായിട്ടും, അവരെ സധൈര്യം  നേരിട്ടു പിടികൂടി പൊലീസിന്‍റെ യശസ്സുയർത്തിയ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രിയും സ്തുത്യർഹ സേവനത്തിനുള്ള  മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നൽകണമെന്ന് മുഖ്യമന്ത്രിയോടും, ആഭ്യന്തര വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി കത്ത് നൽകുമെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.

Tags:    
News Summary - Police felicitate Aluva police squad which arrest culprit from Ajmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.