കാസർകോട്: സാമൂഹിക, കാരുണ്യ, കലാപ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്നതിന് പൊലീസ് ആസ്ഥാനത്തുനിന്നും പുറപ്പെടുവിക്കുന്ന എക്സിക്യൂട്ടിവ് ഡയറക്ടിവുകൾ പൊലീസിനെ നിർവീര്യമാക്കുന്നതായി സേനയിൽ ആക്ഷേപം. കുറ്റകൃത്യങ്ങൾ തടയുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും വിനിയോഗിക്കേണ്ട സമയം കുറയുന്നുവെന്നാണ് ആക്ഷേപം. കോവിഡ് ഒന്നാം തരംഗത്തെത്തുടർന്ന് 50ഓളം ഡയറക്ടിവുകൾ ഇറങ്ങിയിട്ടുണ്ട്.
ജനമൈത്രി പൂർണ പരാജയമാണെന്ന് പൊലീസ്-ഐ.പി.എസ് അസോസിയേഷൻ വിലയിരുത്തിയിട്ടുണ്ട്. ഇത് പാർട്ടി മൈത്രിയാണെന്ന ആക്ഷേപം ഉയർന്നിരിക്കെയാണ് 'ചിരി', ഹോപ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്, സീനിയർ സിറ്റിസൺ സംരക്ഷണം, കോവിഡ് പ്രതിരോധ പ്രവർത്തനം എന്നിവ പൊലീസിനെ ഏൽപിച്ചത്.
ഹോപ് പദ്ധതിയിൽ എസ്.എസ്.എൽ.സിയിലെ കൊഴിഞ്ഞുപോക്ക്, തോറ്റവരെ കണ്ടെത്തൽ എന്നിവയാണുള്ളത്. 'ചിരി'യിൽ കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കലാണ് പണി. ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധജനങ്ങളെ കണ്ടെത്തി അവർക്ക് സഹായം ചെയ്യുകയാണ് സീനിയർ സിറ്റിസൺ സംരക്ഷണം. സ്കൂൾ സംരക്ഷണത്തിൽ ശുചീകരണമാണ് പൊലീസ് ചെയ്യേണ്ടത്. വനവത്കരണം, കൃഷി, ഉദ്യാനപാലനം എന്നിവ നടപ്പാക്കൽ പൊലീസിന്റെ പ്രധാന പണിയായി മാറിയിരിക്കുന്നു.
'പ്രതികളെ അറസ്റ്റ് ചെയ്താൽ പ്രശംസയില്ല, കൃഷി നടത്തിയാൽ പ്രശംസയുണ്ട്, മാധ്യമ ശ്രദ്ധയുമുണ്ട്. ക്രമസമാധാനത്തിനു സമയമില്ല, പിങ്ക് പൊലീസും ജനമൈത്രി പൊലീസും വേസ്റ്റാണ്'-ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡയറക്ട് എസ്.ഐമാരായും എസ്.പിമാരായും കടന്നുവരുന്നവർ ക്രമസമാധാനരംഗം വിട്ടു.
കാരണം കലാപരിപാടികൾ നടത്താൻ താൽപര്യമില്ലാത്തതാണ്. ആകർഷണീയമായ എസ്.എച്ച്.ഒ, ഡി.പി.ഒ പദവികളിൽനിന്നും ഇവർ മാറിത്തുടങ്ങി. ഇപ്പോൾ ഈ പദവികളിലേക്ക് പ്രമോഷൻകാരാണ് ഏറെയും വരുന്നത്. കുറ്റവാളികൾക്കെതിരെ പ്രയോഗിക്കേണ്ട പൊലീസ് 'മുറ'സാധാരണക്കാരിലേക്കും ഇറങ്ങിവരുന്നതിന് കാരണങ്ങൾ മറ്റൊന്നല്ല'പൊലീസ് വൃത്തങ്ങൾ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.