കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ട് പുറത്ത്. മുൻ മിസ് കേരളക്കും സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടലുടമ റോയിയെ നേരത്തെ അറിയാമായിരുന്നുവെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദുരുദ്ദേശത്തോടെ മോഡലുകൾക്ക് മദ്യം നൽകിയെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് കേസ് സംബന്ധിച്ച് നിർണായക പരാമർശമുള്ളത്.
യുവതികളെ തെറ്റായ ഉദ്ദേശത്തോടെ റോയിയും സൈജുവും സമീപിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു. മോഡലുകളെ ഹോട്ടലിൽ തങ്ങാൻ ഇവർ നിർബന്ധിച്ചു. എന്നാൽ, ഇതിന് തയാറാവാതെ മോഡലുകൾ കാറിൽ കയറി ഹോട്ടലിൽ നിന്നും വരികയായിരുന്നു. ഈ യാത്രക്കിടെ സൈജു തങ്കച്ചൻ ഇവരെ പിന്തുടർന്നുവെന്നാണ് പൊലീസ് പറയുന്നത്.
കേസിൽ റോയി ഉൾപ്പടെ ആറ് പേർക്ക് ജാമ്യം നൽകിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ െപാലീസ് അപ്പീൽ നൽകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നരഹത്യയടക്കമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
മുൻ മിസ് കേരള അടക്കം മൂന്നുപേർ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ അറസ്റ്റിലായ ഹോട്ടലുടമ അടക്കം ആറ് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടാം പ്രതി ഹോട്ടലുടമ റോയി ജെ. വയലാട്ട്, മൂന്നുമുതൽ ഏഴുവരെ പ്രതികളായ വിഷ്ണുകുമാർ, മെൽവിൻ, ലിൻസൺ റെയ്നോൾഡ്, ഷിജുലാൽ, അനിൽ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
രണ്ടാം പ്രതിക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ഈ സാഹചര്യത്തിൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നും പൊലീസ് ബോധിപ്പിച്ചു. പ്രതികളെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിെൻറ ആവശ്യം. എന്നാൽ, രാത്രി വൈകി ഹോട്ടലുടമ അടക്കം ആറ് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്നും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നുമുള്ള നിർദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്.
രണ്ടാം പ്രതിയായ ഹോട്ടലുടമ റോയി ജെ. വയലാട്ടിെൻറ മൊഴി ഇയാളെ പാർപ്പിച്ചിരിക്കുന്ന കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. അഞ്ച് പ്രതികളെ കോടതിയിലും ഹാജരാക്കിയിരുന്നു. മോഡലുകൾ മരിച്ച അപകടത്തിന് പിന്നാലെ ഹോട്ടലിലെത്തിയ റോയിയുടെ നിർദേശപ്രകാരം അഴിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞതായാണ് പൊലീസ് കണ്ടെത്തൽ.
വാഹനാപകടത്തിൽ യുവതികൾ മരിച്ചതോടെ ഹോട്ടലിലെ ഇവരുടെ ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ കാമറ ഓഫാക്കിയെന്നും നമ്പർ 18 ഹോട്ടലിെൻറ ഒന്നാംനിലയിലെയും രണ്ടാംനിലയിലെയും പാർക്കിങ് ഏരിയയിലെയും കാമറ ലിങ്ക് ചെയ്തിരുന്ന ഡി.വി.ആർ നശിപ്പിച്ചെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.