തിരുവനന്തപുരം: പൊതുമുതൽ നശീകരണ നിയന്ത്രണ നിയമം സംബന്ധിച്ച സുപ്രീംകോടതി നിർദേശം മറയാക്കി ജനകീയ സമരങ്ങളെയും പ്രതിഷേധങ്ങളെയും പൂട്ടാൻ പൊലീസ്. പൊതുമുതൽ നശിപ്പിക്കുന്നതുൾപ്പെടെ സമരങ്ങളെ നേരിടുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി അനിൽകാന്ത് പുറത്തിറക്കിയ സർക്കുലറിലാണ് പുതിയ നിർദേശങ്ങൾ. അക്രമങ്ങളും വസ്തുവകകൾക്ക് നാശമുണ്ടാക്കുന്നതുമായ സമരമുണ്ടായാൽ നേതൃത്വം നൽകുന്ന സംഘടനകളുടെ നേതാക്കളും ഭാരവാഹികളും 24 മണിക്കൂറിനകം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. അല്ലാത്തപക്ഷം അവർ ഒളിവിലാണെന്ന നിലയിൽ തുടർനടപടി സ്വീകരിക്കും.
ആൾക്കൂട്ട ആക്രമണം നടക്കുന്ന പ്രത്യേക കാലയളവിൽ നോഡൽ ഓഫിസർമാർക്ക് സമൂഹമാധ്യമങ്ങളിലും ഇൻറർനെറ്റ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും നിയന്ത്രണം ഏർപ്പെടുത്താം. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വ്യക്തികൾ, സംഘടനകൾ, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവക്കെതിരെ നടപടി സ്വീകരിക്കും. അക്രമങ്ങളുണ്ടായാൽ ഔദ്യോഗിക വിഡിയോ ഓപറേറ്റർമാർ ഇല്ലെങ്കിൽ സ്വകാര്യ ഓപറേറ്റർമാരെ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയും ആവശ്യമെങ്കിൽ മാധ്യമങ്ങളിൽനിന്ന് ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്യണം.
പ്രകടനങ്ങൾ നടക്കുമ്പോൾ ആയുധം കൈവശം വെച്ചാൽ സംഘർഷമുണ്ടാക്കാനാണെന്ന് കരുതി നടപടി സ്വീകരിക്കും. പ്രകടനം സമാധാനപരമാകണം. ജില്ലയിൽ മാത്രം ഒതുങ്ങുന്ന പ്രകടനങ്ങൾക്ക് ജില്ല പൊലീസ് മേധാവിയും സംസ്ഥാനതലത്തിലുള്ളവക്ക് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനും മേൽനോട്ടം വഹിക്കണം. പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടപരിഹാരം കെട്ടിവെച്ചാൽ ജാമ്യം അനുവദിക്കും. കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ കുറ്റമുക്തമാക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ അതിനെതിരെ എത്രയുംവേഗം പബ്ലിക്പ്രോസിക്യൂട്ടർമാരുമായി കൂടിയാലോചിച്ച് അപ്പീൽ സമർപ്പിക്കണമെന്നും ഡി.ജി.പിയുടെ സർക്കുലറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.