പാറശ്ശാല (തിരുവനന്തപുരം): വിദ്യാർഥിയായ ഷാരോണ്‍ രാജ് പെണ്‍സുഹൃത്തിന്‍റെ വീട്ടിൽനിന്ന് കഷായവും ജ്യൂസും കഴിച്ച് മരിച്ചെന്ന പരാതിയിൽ കൃത്യമായ അന്വേഷണം ആരംഭിക്കാനാകാതെ പൊലീസ്.പാറശ്ശാല പൊലീസ് കേസെടുക്കുകയും ചികിത്സയിലിരുന്ന ഷാരോണിന്‍റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സുഹൃത്ത് കഴിച്ച കഷായം താനും രുചിച്ചെന്നും സംശയമോ പരാതിയോ ഇല്ലെന്നുമാണ് പൊലീസിനും മജിസ്ട്രേറ്റിനും ഷാരോൺ മൊഴി നൽകിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വിഷാംശത്തിന്‍റെ സാന്നിധ്യം വ്യക്തമായില്ല.
ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കിട്ടിയാലേ വ്യക്തതവരൂവെന്ന നിലപാടിലായിരുന്നു പാറശ്ശാല പൊലീസ്.പൊലീസ് അന്വേഷണത്തിലെ മെല്ലെപ്പോക്ക് സംബന്ധിച്ച് വിമർശനമുയർന്നതിനെ തുടർന്ന് അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി റൂറൽ എസ്.പി ഡി. ശിൽപ ഉത്തരവായി.എന്നാൽ, രാസപരിശോധന ഫലം വന്നശേഷം സമഗ്ര അന്വേഷണമെന്ന നിലപാടിലാണ് എസ്.പിയും. ഷാരോണിന്‍റെ മരണം കൊലപാതകമാണെന്ന് പിതാവ് ബ്രൈറ്റ് ജയരാജ് ആരോപിച്ചു. പൊലീസ് അന്വേഷണത്തിൽ നീതി ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഷാരോണും പെണ്‍സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതോടെ സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. ഇരുവരും തമ്മിലെ വാട്‌സ്ആപ് ചാറ്റും പുറത്തുവന്നു. ഒരു വര്‍ഷമായി പരിചിതരായ ഇവർ മൂന്ന് മാസം തികയുംമുമ്പ് തിരുവനന്തപുരം വെട്ടുകാട് പള്ളിയില്‍വെച്ച് താലി ചാർത്തിയെന്നും പിന്നീട് പെൺകുട്ടി പല ക്ഷേത്രങ്ങളിലെയും കുങ്കുമം നെറ്റിയില്‍ ധരിച്ചതായും വിവാഹിതരെപ്പോലെ ജീവിച്ചതായും അഭ്യൂഹങ്ങളുണ്ട്.
ഇതൊക്കെയാണ് അന്ധവിശ്വാസത്തെ തുടർന്നുള്ള കൊലപാതകമാണെന്ന ആക്ഷേപം ഉന്നയിക്കാൻ ഷാരോണിന്‍റെ കുടുംബത്തെ പ്രേരിപ്പിക്കുന്നത്. ഷാരോണിന്റെ ബന്ധുക്കള്‍ പുറത്തുവിട്ട വാട്‌സ്ആപ് വിഡിയോയില്‍ ജ്യൂസ് കുടിച്ച് മത്സരിക്കുന്ന ദൃശ്യങ്ങളുണ്ട്.മത്സരം എന്താണെന്ന് പെൺകുട്ടിക്കേ അറിയാവൂവെന്ന് വിഡിയോയിൽനിന്ന് വ്യക്തമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.