പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയൻ പൊലീസ് ക്യാമ്പിലെ പൊലീസുകാർ മരിച്ചത് ഷോക്കേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ വയലുടമ സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
മൃതദേഹം വയലിൽ ഉപേക്ഷിച്ചത് സുരേഷാണെന്ന് പൊലീസ് പറഞ്ഞു. മരിച്ച പൊലീസുകാരുടെ ഫോണുകൾ എടുത്തുമാറ്റിയതും ഇദ്ദേഹമാണ്. സംഭവത്തിൽ സുരേഷിന്റെ സുഹൃത്തും കസ്റ്റഡിയിലുണ്ട്. കാട്ടുപന്നിയെ പിടിക്കാൻ വൈദ്യുതി കെണി വെക്കാറുണ്ടെന്ന് ഇവർ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു.
ഹവീൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപത്തെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതി കമ്പിയിൽ നിന്ന് രണ്ടു പേരുടെ കൈക്ക് ഷോക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച രാത്രി മുതൽ ഇരുവരെയും കാണാനില്ലായിരുന്നു.
പൊലീസുകാർ വയലിൽ പോയത് മീൻ പിടിക്കാനാണെന്ന് എസ്.പി പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ക്യാമ്പിലെ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.