പ്രദീപ് ഇനി ജ്വലിക്കുന്ന ഓർമ; ജന്മനാട് വിടചൊല്ലി

തൃശൂർ: കുന്നൂരിലെ ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറൻറ് ഓഫിസറുമായ എ. പ്രദീപിന് ജന്മനാട് വിടചൊല്ലി. തൃശൂർ പൊന്നൂക്കരയിലെ വീട്ടിലെത്തിച്ച മൃതദേഹം, ഔദ്യോഗിക സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ആയിരങ്ങളാണ് ധീരസൈനികന് ആദരാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തിയത്. നേരത്തെ, പ്രദീപ് പഠിച്ച പുത്തൂർ ഗവ. ഹൈസ്കൂളിൽ മൃതദേഹം ഒരു മണിക്കൂർ പൊതുദർശനത്തിന് വച്ചിരുന്നു. പൊതുജനങ്ങളും സഹപാഠികളും സ്കൂളിലെത്തി അന്തിമോപചാരം അർപ്പിച്ചു. സൈനികനെ ഒരു നോക്ക് കാണാൻ ഇവിടെയും നൂറുകണക്കിന് ആളുകളെത്തിയിരുന്നു.


കേന്ദ്ര മന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. പിന്നീടാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ശനിയാഴ്ച രാവിലെ 11ഓടെയാണ് പ്രദീപിന്‍റെ മൃതദേഹം സുലൂർ വ്യോമതാവളത്തിൽ എത്തിച്ചത്.

തുടർന്ന് റോഡ് മാർഗം വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ ഏറ്റുവാങ്ങി.


പിന്നാലെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര തൃശൂരിലേക്ക് പുറപ്പെട്ടു. മൂന്നു മണിയോടെയാണ് ജന്മനാടായ പൊന്നൂക്കരയിലെത്തിച്ചത്. അപകടത്തിൽപെട്ട ഹെലികോപ്ടറിന്‍റെ ഫ്ലൈറ്റ് ഗണ്ണറായിരുന്ന പ്രദീപ്. 2004ലാണ് വ്യോമസേനയിൽ ചേർന്നത്. 

Tags:    
News Summary - pradeep bosy reached in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.