കൊച്ചി: പ്രീ പ്രൈമറി സ്കൂൾ അധ്യാപകർക്കും ആയമാർക്കും സെപ്റ്റംബർ മുതൽ നൽകാനുള്ള ഓണറേറിയം വിതരണം ചെയ്യണമെന്ന് ഹൈകോടതി. സ്പാർക് അപ്ഡേഷന്റെ ഭാഗമായി വിടുതൽ തീയതി ചേർക്കണമെന്നതുൾപ്പെടെ ധനവകുപ്പ് സർക്കുലറും ഇക്കാര്യത്തിൽ വിദ്യാഭ്യാസ അധികൃതർ നൽകിയ നിർദേശവും പ്രീ പ്രൈമറി സ്കൂൾ അധ്യാപകർക്കും ആയമാർക്കും ബാധകമല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍റെ ഉത്തരവ്.
ധനവകുപ്പ് നവംബർ 14ന് പുറപ്പെടുവിച്ച സർക്കുലറിന്റെ മറവിൽ തങ്ങളെ കരാർ ജീവനക്കാരാക്കാനുള്ള നടപടി സ്വീകരിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രീപ്രൈമറി സ്കൂൾ അധ്യാപകർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മിനിമം ശമ്പളവും സേവന വ്യവസ്ഥകളും നിശ്ചയിക്കുകയും ഉചിതമായ നയം രൂപവത്കരിക്കുകയും വേണമെന്ന് മുമ്പ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇവ പാലിക്കാതെയാണ് സർക്കാർ നടപടി സ്വീകരിക്കുന്നതെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. ഈ സാഹചര്യത്തിൽ ഹരജിക്കാർക്കും സമാന നിലയിലുള്ളവർക്കും ഹൈകോടതിയുടെ 2012 ആഗസ്റ്റ് ഒന്നിലെയും 2015 മാർച്ച് 31ലെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലുള്ള ആനുകൂല്യം നൽകുന്നത് തുടരാൻ കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.