തിരുവനന്തപുരം: മാനദണ്ഡം നിശ്ചയിച്ചുള്ള ഉത്തരവിന് മുൻകാല പ്രാബല്യം നൽകി വൊക്കേഷനൽ ഹയർ സെക്കൻഡറി (വി.എച്ച്.എസ്.ഇ) അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ അട്ടിമറി നീക്കം. ഒരേ സ്ഥലത്ത് മൂന്ന് വർഷം പൂർത്തിയാക്കിയ ഇഷ്ടക്കാരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് വിചിത്ര സ്ഥലമാറ്റ നടപടി ആരംഭിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ ഡിസംബർ 24നാണ് വി.എച്ച്.എസ്.ഇ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അന്തിമമായി നിശ്ചയിച്ച് ഉത്തരവിറക്കിയത്.
ഇതുപ്രകാരം ഒരു കേന്ദ്രത്തിൽ (സ്റ്റേഷൻ) അതത് വർഷം മേയ് 31ന് മൂന്ന് വർഷം പൂർത്തീകരിക്കുന്ന ജീവനക്കാർക്ക് മാത്രമേ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാനാകൂ. കഴിഞ്ഞ ഡിസംബർ 24ന് ഇറങ്ങിയ ഉത്തരവിലൂടെ നിലവിൽ വന്ന മാനദണ്ഡം അടുത്ത അധ്യയനവർഷത്തെ സ്ഥലംമാറ്റ നടപടികൾക്കാണ് ബാധകമാക്കേണ്ടതെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ വി.എച്ച്.എസ്.ഇയിൽ 2022-23 അധ്യയന വർഷം എന്നതിന് പകരം അവസാനിക്കാറായ 2021-22 അധ്യയന വർഷത്തെ സ്ഥലംമാറ്റ നടപടികൾക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചത്. ഇതിനായി വകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ 2021 േമയ് 31ന് ഒരു കേന്ദ്രത്തിൽ മൂന്ന് വർഷം പൂർത്തീകരിച്ചവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ എന്ന വ്യവസ്ഥയാണ് ചേർത്തത്.
2021 േമയ് 31ന് നിലവിൽ ഇല്ലാത്തതും കഴിഞ്ഞ ഡിസംബർ 24ന് മാത്രം പ്രസിദ്ധീകരിച്ചതുമായ മാനദണ്ഡം നടപ്പാക്കുന്നത് മുൻകാല പ്രാബല്യം നൽകിയത് ഇഷ്ടക്കാരെ സംരക്ഷിക്കാനാണെന്നും ആരോപണമുയരുന്നു. മാനദണ്ഡം നടപ്പാക്കുന്നത് അടുത്ത അധ്യയനവർഷത്തേക്ക് മാറ്റിയാൽ ഒട്ടേറെപ്പേർ പുറത്താകുമെന്നതിനാലാണ് 2021 മേയ് 31 അടിസ്ഥാനമാക്കാൻ കാരണമെന്നാണ് ആരോപണം. 2018ലെ സ്ഥലംമാറ്റത്തിലൂടെ മറ്റ് ജില്ലകളിലേക്ക് മാറിയവർക്ക് മാതൃജില്ലയിലേക്ക് മടങ്ങാൻ കഴിയാത്ത രീതിയിലാണ് ഇപ്പോൾ വ്യവസ്ഥ നിശ്ചയിച്ചതെന്നും അധ്യാപകർ പറയുന്നു.
2019ലെ സ്ഥലംമാറ്റത്തിൽ മലയോര മേഖലയിലേക്ക് പോകേണ്ടിവന്നവർക്കും 2021 മേയ് 31ന് മൂന്ന് വർഷം തികയണമെന്ന വ്യവസ്ഥ വെച്ചത് തിരിച്ചടിയാകും. എന്നാൽ കോവിഡ് കാരണം 2021-22 വർഷത്തെ സ്ഥലംമാറ്റ നടപടികൾ നടത്തിയില്ലെന്നും അതിനാലാണ് 2021 മേയ് 31 അടിസ്ഥാനമാക്കി അർഹത നിശ്ചയിച്ചതെന്നും അടുത്ത അധ്യയനവർഷത്തേതിന് വൈകാതെ അപേക്ഷ ക്ഷണിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.