സ്വകാര്യ ബസുകള്‍ക്ക് ദേശസാത്കൃത റൂട്ടുകളില്‍ പെര്‍മിറ്റ് പുതുക്കിനല്‍കുമെന്ന്​ സര്‍ക്കാറിന്‍െറ ഉറപ്പ്

കൊച്ചി: ദേശസാത്കൃത റൂട്ടുകളില്‍ പെര്‍മിറ്റ് പുതുക്കിനല്‍കാമെന്ന് സ്വകാര്യ ബസുടമകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി സൂചന. അടുത്ത മന്ത്രിസഭയോഗത്തില്‍ വിഷയം പരിഗണിക്കുമെന്നും ഇതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ച് പുതിയ വിജ്ഞാപനമിറക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എം.ബി. സത്യന്‍ പറഞ്ഞു. 241 റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് നല്‍കിയ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റ് സംബന്ധിച്ച് അന്തിമ തീരുമാനം ബുധനാഴ്ച കൈക്കൊള്ളും.
31 ദേശസാത്കൃത റൂട്ടുകളിലെ പെര്‍മിറ്റും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റും സംബന്ധിച്ച് 2016 ഫെബ്രുവരി എട്ടിന് യു.ഡി.എഫ് ഇറക്കിയ കരട് വിജ്ഞാപനം കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. പെര്‍മിറ്റുകള്‍ പുതുക്കുക, ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചില്ളെങ്കില്‍ ഫെബ്രുവരി ഏഴുമുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നായിരുന്നു ബസുടമകള്‍ അറിയിച്ചിരുന്നത്. എന്നാല്‍, ദേശസാത്കൃത റൂട്ടിലെ പെര്‍മിറ്റ് സംബന്ധിച്ച് സര്‍ക്കാറില്‍നിന്ന് ഉറപ്പുലഭിച്ചതിനാല്‍ സമരം നടത്തിയില്ല. ചാര്‍ജ് വര്‍ധന, വിദ്യാര്‍ഥി കണ്‍സെഷന്‍ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ രാമചന്ദ്രന്‍ കമീഷനെ ചുമതലപ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
അതേസമയം, ഈ വിഷയത്തില്‍ മുമ്പ് നടന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങളില്‍ മാറ്റമില്ളെന്നും അക്കാര്യം ബസുടമകളെ അറിയിച്ചതാണെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശസാത്കൃത റൂട്ടുകളിലെ സ്വകാര്യപെര്‍മിറ്റ് വിഷയത്തില്‍ മുന്‍സര്‍ക്കാറിന്‍െറ അതേനയമാണ് പുതിയ സര്‍ക്കാറും സ്വീകരിക്കുന്നത്. തൊട്ടുമുമ്പത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇറക്കിയ 2009 മേയ് ഒമ്പതിന് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ദേശസാത്കൃത റൂട്ടില്‍ ഘട്ടംഘട്ടമായി സ്വകാര്യ പെര്‍മിറ്റുകള്‍ ഒഴിവാക്കി പൂര്‍ണമായും കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്ന നയമാണ് സ്വീകരിച്ചിരുന്നത്. അന്നത്തെ വിജ്ഞാപനപ്രകാരം 2006 മേയ് ഒമ്പതിനുശേഷം അനുവദിച്ച സ്വകാര്യ പെര്‍മിറ്റുകള്‍ റദ്ദാക്കുകയും അതിനുമുമ്പ് നല്‍കിയ പെര്‍മിറ്റുകള്‍ ഘട്ടംഘട്ടമായി റദ്ദാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ അവസാനകാലത്ത് ഈ വിജ്ഞാപനം അട്ടിമറിച്ച് സ്വകാര്യ ബസുടമകളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു. 140 കി.മീ. പരിധിയില്‍ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റ് പൂര്‍ണമായി ഒഴിവാക്കണമെന്ന കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന്‍െറ ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കാനിടയില്ല. നിബന്ധനയില്‍ മാറ്റം വരുത്തി ഈ പെര്‍മിറ്റുകള്‍ നിലനിര്‍ത്തിയേക്കുമെന്നാണ് ബസുടമകള്‍ നല്‍കുന്ന സൂചന.
സര്‍ക്കാറിന്‍െറ രണ്ടുതീരുമാനവും കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയാകും. സാമ്പത്തികബാധ്യതയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തികലാഭമുണ്ടായിരുന്ന ദേശസാത്കൃത, ദീര്‍ഘദൂര സര്‍വിസുകള്‍ സ്വകാര്യമേഖല കൈയടക്കും. ദേശസാത്കൃത റൂട്ടുകളിലെ പെര്‍മിറ്റ് പൂര്‍ണമായി കെ.എസ്.ആര്‍.ടി.സിക്ക് അനുവദിക്കണമെന്നാണ് മാനേജ്മെന്‍റിന്‍െറ ആവശ്യം. എങ്കില്‍ മാത്രമേ കെ.എസ്.ആര്‍.ടി.സിക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂവെന്നാണ് മാനേജ്മെന്‍റിന്‍െറ വാദം.

Tags:    
News Summary - private buses and nationalised routes kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.