കൊച്ചി: 'കുഞ്ഞുന്നാളിൽ എെൻറ ചുമലിലേറി നടന്ന അനിയത്തിക്കുട്ടിയാണ്. അന്നേ പ്രിയങ്കക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള താൽപര്യം ഏറെയായിരുന്നു. ഇന്നവൾ വലിയൊരു നേട്ടത്തിൽ എത്തിനിൽക്കുമ്പോൾ സഹോദരനെന്ന നിലയിലുള്ള അഭിമാനവും സന്തോഷവും പറഞ്ഞറിയിക്കാനാവില്ല' -പറയുന്നത് ന്യൂസിലൻഡിൽ ജസീന്ത ആർഡേൻ മന്ത്രിസഭയിൽ അംഗമായി ചുമതലയേറ്റ മലയാളിയായ പ്രിയങ്ക രാധാകൃഷ്ണെൻറ പിതൃസഹോദരീപുത്രൻ ഡോ. അജയ് ഡി. നായർ.
ഇദ്ദേഹത്തിനും കുടുംബത്തിനും മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനം പകരുന്നതാണ് പ്രിയങ്കയുടെ പുതിയ വിജയപഥം. മന്ത്രിയായ പ്രിയങ്കയുടെ തറവാടുവീട് എറണാകുളം നോർത്ത് പറവൂരിലാണ്. തറവാട്ടിൽ ഇന്നാരുമില്ലെങ്കിലും, ഇങ്ങോട്ട് പ്രിയങ്ക വന്നിട്ട് വർഷങ്ങളേറെ കഴിഞ്ഞെങ്കിലും പറവൂരുകാർക്കും ഇത് അഭിമാനമാണ്.
പ്രിയങ്കയുടെ അച്ഛൻ മാടവനപ്പറമ്പിൽ രാധാകൃഷ്ണെൻറ സഹോദരി വിജയലക്ഷ്മിയുടെ മകനാണ് ഡോ. അജയ്. സൗദി അറേബ്യയിൽ ഫിസിഷ്യനായ ഇദ്ദേഹവും ഭാര്യ ദീപയും മാവേലിക്കരയിലാണ് താമസം. 'ബാബുവമ്മാവനും അമ്മായി ഉഷയും ചെന്നൈയിലായിരുന്നു താമസം. ഒരുവർഷം മുമ്പാണ് അമ്മായി വിടപറഞ്ഞത്. പ്രിയങ്കയും സഹോദരി മാനവിയും ജനിച്ചത് ചെന്നൈയിലാണ്. ചെന്നൈയിലും സിംഗപ്പൂരിലുമെല്ലാമായിരുന്നു പഠിച്ചതും വളർന്നതുമെല്ലാം. മാനവി ഇപ്പോൾ കാനഡയിലും' -അദ്ദേഹത്തിെൻറ ഓർമകൾ പിറകോട്ടുപോയി.
മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വാട്സ്ആപ്പിൽ അഭിനന്ദനം അറിയിച്ചിരുന്നു. എല്ലാ പിന്തുണയും നൽകണമെന്നാണ് മറുപടിയായി അറിയിച്ചത്. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും മറ്റും സമയം കിട്ടുമ്പോഴെല്ലാം ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയങ്കയുടെ അച്ഛനെ ബാബുവമ്മാവൻ എന്നാണ് അജയ് വിളിച്ചിരുന്നത്.
ന്യൂസിലൻഡിലെ വെലിങ്ടൺ സർവകലാശാലയിൽനിന്ന് െഡവലപ്മെൻറൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടിയശേഷം പൊതുരംഗത്തിറങ്ങുകയുമായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ അംഗമായിരുന്ന ജെന്നി സെയിൽസയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രിയങ്ക പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്. ഗാർഹിക പീഡനങ്ങൾക്കിരയാവുന്ന വനിതകൾക്കും കുടിയേറ്റ തൊഴിലാളികൾക്കും വേണ്ടി പ്രവർത്തിച്ച അനുഭവസമ്പത്തുകൂടിയുണ്ട് ഈ 41കാരിക്ക്. കഴിഞ്ഞ വർഷം പ്രിയങ്ക ചെന്നൈയിലെത്തിയിരുന്നു.
സ്വന്തം നാടിെൻറ സംസ്കാരവും ആഘോഷങ്ങളും പിന്തുടരുന്ന പ്രിയങ്ക, ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. നമ്മുടെ നാട്ടുകാരിയായ ഒരാൾ ഇത്തരമൊരു വലിയ നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ടെന്ന് പറവൂർ എം.എൽ.എ വി.ഡി. സതീശൻ പറഞ്ഞു.
പറവൂർ ടൗണിനോടു ചേർന്ന് മൂകാംബി ക്ഷേത്രത്തിനടുത്താണ് ജയവിഹാർ എന്ന പ്രിയങ്കയുടെ തറവാട്. ഇവിടെ നിലവിൽ ആരും താമസിക്കുന്നില്ല. പിതൃസഹോദരി എറണാകുളം നഗരത്തിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.