കോഴിക്കോട് :പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനും വിവർത്തകനുമായ പ്രഫസർ ടി.ബി. വേണുഗോപാലപ്പണിക്കർ (80) അന്തരിച്ചു. ഫറോക്കിലെ വസതിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. ദീർഘകാലം കോഴിക്കോട് സർവകലാശാല മലയാളവിഭാഗത്തിൽ അധ്യാപകനും വകുപ്പ് അധ്യക്ഷനുമായിരുന്നു.
ഭാഷാശാസ്ത്രം, വ്യാകരണം തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഗവേഷകനും എഴുത്തുകാരനുമായിരുന്നു ടി.ബി. വേണുഗോപാലപ്പണിക്കര്‍. ഈ മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു. 1945 ഓഗസ്റ്റ് രണ്ടിനായിരുന്ന ജനനം. മഹാരാജാസ് കോളജിൽനിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദവും (1966) മലയാളത്തിൽ എം.എ. ബിരുദവും (1968) എടുത്തു. തുടർന്നു് അണ്ണാമലൈ സർവ്വകലാശാലയിൽനിന്നു് ഭാഷാശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം.
സുകുമാർ അഴിക്കോടിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ കേരളപാണിനീയത്തിന്റെ പീഠിക - ഒരു വിമർശനാത്മകപഠനം (A critical study of Pitika of Keralapanineeyam) എന്ന പ്രബന്ധത്തിനു് 1981-ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നു് ഡോക്ടറേറ്റ് ലഭിച്ചു.
1971-ൽ മദ്രാസ് സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റൻറായി ജോലിയിൽ പ്രവേശിച്ചു. 1973 ജനുവരി നാലിന് കാലിക്കറ്റ് സർവകലാശാലയിൽ മലയാളവിഭാഗം അധ്യാപകൻ. 2003-2005 കാലത്ത് അവിടത്തെ വകുപ്പദ്ധ്യക്ഷൻ. കണ്ണൂർ സർവകലാശാലയിൽ ഭാഷാ സാഹിത്യവിഭാഗത്തിന്റെ ഡീനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ജർമ്മനിയിലെ കോളൻ സർവകലാശാല സ്റ്റട്ഗർടിൽ നടത്തിയ ഒന്നാമത് അന്താരാഷ്ട്ര ദ്രവീഡിയൻ സെമിനാർ (2003) ഉൾപ്പെടെ 100 ലേറെ ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങളവതരിപ്പിച്ചു. ലക്ഷദ്വീപ് സോഷ്യോ റിസർച്ച് കമീഷനിൽ അംഗമായിരുന്നു. മദ്രാസ്, അലിഗർ, കേരള, എം ജി, കണ്ണൂർ സർവകലാശാലകൾ യു.പി.എസ് സി, യു.ജി.സി എന്നിവയുടെ പരീക്ഷാ ബോർഡുകളിലും തഞ്ചാവൂർ തമിഴ് യൂനിവേഴ്സിറ്റിയിൽ ഇന്ത്യൻ ലാംഗ്വേജ് ഫാക്കൽറ്റിയിലും അംഗമായിരുന്നു. നോം ചോംസ്കി ഇന്ത്യയിൽ വന്നപ്പോൾ കൈരളി ചാനലിനു വേണ്ടി ഇൻ്റർവ്യൂ ചെയ്തു.
സ്വനമണ്ഡലം (1981), നോം ചോസ്കി (1987), ഭാഷാർത്ഥം (1998), വാക്കിന്റെ വഴികൾ (1999), ചിതറിപ്പോയ സിംഹനാദവും ചില ഭാഷാ വിചാരങ്ങളും ( 2006), ഭാഷാലോകം (2006), Studies on Malayalam Language (2006) എന്നീ ഭാഷാപഠന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ലീലാതിലകം: സാമൂഹികഭാഷാശാസ്ത്രദൃഷ്ടിയിൽ (എസ്.വി. ഷണ്മുഖം - തമിഴ്) വിവർത്തനം (1995), . കൂനൻ തോപ്പ് (തോപ്പിൽ മുഹമ്മദ് മീരാൻ - തമിഴ്) വിവർത്തനം (2003), പ്രഫ. എൽ.വി രാമസ്വാമി അയ്യരുടെ A Primer of Malayalam Phonology (2004) (എഡിറ്റർ), വ്യാകരണ പഠനങ്ങൾ(1996), മലയാള വിമർശം ( എഡിറ്റർ)
ഭാഷാർത്ഥം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചു. (2000). വിവർത്തനത്തിനുള്ള 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കൂനൻതോപ്പ് എന്ന തമിഴ്നോവലിന്റെ മലയാള പരിഭാഷക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.