തിരുവനന്തപുരം: രണ്ടാംദിനത്തിൽ നിയമസഭ ചേർന്നത് ആകെ 20 മിനിറ്റ്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് അതിനകം സഭ പിരിഞ്ഞു. ശബരിമല വിഷയത്തെച്ചൊല്ലി തന്നെയായിരുന്നു ബഹളവും സഭാ സ്തംഭനവും. ബഹളത്തെ തുടർന്ന്, സഭ സമ്മേളിച്ച് 20 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി പിരിയുകയായിരുന്നു. സ്പീക്കറും പ്രതിപക്ഷ അംഗങ്ങളും തമ്മിലുള്ള വാക്പോരിനും തർക്കങ്ങൾക്കും നിയമസഭ വേദിയാവുകയും ചെയ്തു.
ഒമ്പതിന് ചോദ്യോത്തരവേള ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ശബരിമലയിൽ ഭക്തർക്ക് ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് വ്യക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ചോദ്യോത്തരവേള റദ്ദ് ചെയ്ത് പരിഗണിക്കണമെന്നായിരുന്നു ആവശ്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇൗ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞദിവസം വി.എസ്. ശിവകുമാർ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനുള്ള മറുപടിയിൽ ഇക്കാര്യങ്ങളെല്ലാം വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനാൽ ചോദ്യോത്തരവേള റദ്ദാക്കി ഇൗ അടിയന്തരപ്രമേയം ചർച്ചചെയ്യേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു.
തുടർന്ന് കഴിഞ്ഞദിവസത്തെ പോലെത്തന്നെ പ്രതിപക്ഷ അംഗങ്ങൾ ബാനറും പ്ലക്കാർഡുകളുമായി സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യം വിളിയുമായി നിലകൊണ്ടു. ശബരിമല വിഷയത്തിെൻറ പേരിൽ ദിവസവും നിയമസഭാനടപടികൾ സ്തംഭിപ്പിക്കുന്ന രീതി അംഗീകരിക്കില്ലെന്നും കടുത്ത നടപടിയിലേക്ക് നീങ്ങാൻ നിർബന്ധിതനാകുമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒാർമിപ്പിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം നിഷേധിക്കാനാകില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ചോദ്യം ഉന്നയിക്കാൻ പി.ജെ. ജോസഫിനെയും മറുപടി നൽകാൻ മന്ത്രി ടി.എം. തോമസ് െഎസക്കിനെയും ക്ഷണിച്ചു. േചാദ്യം ഉന്നയിക്കുന്നില്ലെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി. തുടർന്ന് റോഷി അഗസ്റ്റിൻ, സി.എഫ്. തോമസ്, ഡോ. എൻ. ജയരാജ് എന്നിവരെ ക്ഷണിച്ചെങ്കിലും അവരും ചോദ്യം ഉന്നയിക്കാൻ തയാറായില്ല. മഞ്ഞളാംകുഴി അലി, ഡോ. എം.കെ. മുനീർ, കെ.എം. ഷാജി എന്നിവരെ ക്ഷണിച്ചെങ്കിലും അവരും തയാറായില്ല.
അതിന് പിന്നാലെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകാൻ തുടങ്ങിയെങ്കിലും പ്രതിപക്ഷം മുദ്രാവാക്യം വിളി ശക്തമാക്കി. പ്രതിപക്ഷത്തിന് ഉപചോദ്യങ്ങൾ ചോദിക്കാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും അവർ അതിന് കൂട്ടാക്കിയില്ല. ഇതിനിടെ സ്പീക്കറും അംഗങ്ങളും തർക്കത്തിലായി. ഇതിനിടയിൽ പാർലമെൻററികാര്യ മന്ത്രി എ.കെ. ബാലേൻറതായി കുറിപ്പ് സ്പീക്കർക്ക് ലഭിച്ചു. ഉടൻതന്നെ ചോദ്യോത്തരവേള, ശ്രദ്ധക്ഷണിക്കൽ, സബ്മിഷൻ എന്നിവ റദ്ദാക്കി മറ്റ് നടപടികൾ പൂർത്തിയാക്കി നിയമസഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.
ഗവർണർ പറഞ്ഞതെങ്കിലും കേൾക്കണം –സ്പീക്കർ;
ഞങ്ങൾ കസേര മറിച്ചിട്ടിട്ടില്ലെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭ പ്രക്ഷുബ്ധമാകുന്നതിനിടെ സ്പീക്കർക്ക് ഉരുളക്ക് ഉപ്പേരിപോലുള്ള മറുപടിയുമായി പ്രതിപക്ഷം. പ്രതിപക്ഷ അംഗങ്ങൾ ബഹളം ആരംഭിച്ചപ്പോൾ, ‘ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും നിയമസഭയിലെ പെരുമാറ്റം സംബന്ധിച്ച് കഴിഞ്ഞ ഗവർണർ പറഞ്ഞ കാര്യങ്ങളെങ്കിലും പ്രതിപക്ഷ അംഗങ്ങൾ കേൾക്കണ’മെന്നുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ. എന്നാൽ, ‘ജനങ്ങൾ കണ്ടുകൊണ്ടിരിക്കെ സ്പീക്കറുടെ കസേര തള്ളിയിട്ടതുപോലുള്ള കാര്യങ്ങളൊന്നും തങ്ങൾ ചെയ്തിട്ടില്ലെന്ന്’ പ്രതിപക്ഷ അംഗങ്ങൾ വിളിച്ചുപറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് ഗവൺമെൻറിെൻറ കാലത്ത് ഇപ്പോഴത്തെ സ്പീക്കർ ഉൾപ്പെട്ട അന്നത്തെ പ്രതിപക്ഷ അംഗങ്ങൾ ഡയസിൽ കയറി കസേര മറിച്ചിട്ട സംഭവം സൂചിപ്പിച്ചായിരുന്ന മുനവെച്ച പ്രതികരണം. നിയമസഭ വ്യാഴാഴ്ച സമ്മേളിച്ചപ്പോൾതന്നെ സ്പീക്കറും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോരും തർക്കവുമാണുണ്ടായത്. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്നും കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയതായും സ്പീക്കർ പറഞ്ഞു. ഇൗ രീതി തുടർന്നാൽ ചെയറിന് മറ്റ് മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംഗങ്ങൾ സീറ്റിൽ പോയിരിക്കണമെന്ന സ്പീക്കറുടെ ആവശ്യം പ്രതിപക്ഷ അംഗങ്ങൾ തള്ളിയതോടെ 20 മിനിറ്റുകൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി നിയമസഭ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.