ന്യൂഡൽഹി: രാജ്യസഭാംഗമായി ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത് പി.ടി ഉഷ. ദൈവനാമത്തിലായിരുന്നു പി.ടി ഉഷയുടെ സത്യപ്രതിജ്ഞ. ഹിന്ദി എല്ലാവർക്കും അറിയാവുന്ന ഭാഷയാണെന്ന് സത്യപ്രതിജ്ഞക്ക് ശേഷം പി.ടി ഉഷ പറഞ്ഞു.
സത്യപ്രതിജ്ഞക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പി.ടി ഉഷ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കേരളത്തിന് എയിംസ് അനുവദിക്കുന്നത് ചർച്ചയായെന്നാണ് റിപ്പോർട്ട്. എളമരം കരീമുമായും പി.ടി ഉഷ കൂടിക്കാഴ്ച നടത്തി.
സത്യപ്രതിജ്ഞക്ക് മുന്നോടിയായി ഇന്നലെ ഡൽഹിയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി ഉഷ കൂടിക്കാഴ്ച നടത്തി. കേരളത്തിൽ പാർട്ടിക്ക് വേരുണ്ടാക്കാൻ സുരേഷ് ഗോപിക്ക് ശേഷം ബി.ജെ.പി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത ഉഷയെ വിമാനത്താവളത്തിൽ ഡൽഹി ബി.ജെ.പി നേതാവ് മനോജ് തിവാരി എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരിച്ചു.
ഭർത്താവ് വി. ശ്രീനിവാസനൊപ്പം പാർലമെന്‍റിലെത്തിയ ഉഷ സത്യപ്രതിജ്ഞക്കുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി. വർഷകാല സമ്മേളനത്തിന്‍റെ ആദ്യദിവസമായ തിങ്കളാഴ്ച സത്യപ്രതിജഞ ചെയ്യാനായി പി.ടി ഉഷയുടെ പേര് വിളിച്ചിരുന്നുവെങ്കിലും അവർ ഹാജരുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.