തിരുവനന്തപുരം: പുതുപ്പള്ളി പരാജയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരിച്ചുവെച്ച് പ്രതിപക്ഷം. ആക്ഷേപങ്ങളിൽ മറുപടി പറയാതെ ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് ജനങ്ങളുടെ മറുപടിയെന്നാണ് ചാണ്ടി ഉമ്മന്റെ റെക്കോഡ് വിജയത്തെ പ്രതിപക്ഷം അവതരിപ്പിക്കുന്നത്. അതിനുള്ള മറുപടി സി.പി.എം നൽകുന്നില്ല. മുഖ്യമന്ത്രി പതിവ് മൗനം തുടരുകയുമാണ്. കരിമണൽ കമ്പനിയിൽനിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ 1.72 കോടി കൈപ്പറ്റിയ വിവരം പുറത്തുവന്നിട്ടും മുഖ്യമന്ത്രിയും മകളും ഒന്നും വിശദീകരിച്ചില്ല. മുഖ്യമന്ത്രി ഒടുവിൽ വാർത്തസമ്മേളനം നടത്തിയിട്ട് മാസം ഏഴായി. ഇരുവർക്കും വേണ്ടി പാർട്ടി നേതാക്കൾ വാദങ്ങൾ നിരത്തിയെങ്കിലും മുഖ്യമന്ത്രി എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന ചോദ്യമാണ് പ്രതിപക്ഷം ആയുധമാക്കിയത്.
പുതുപ്പള്ളിയിൽ പ്രചാരണത്തിൽ ചോദ്യങ്ങൾ അക്കമിട്ട് നിരത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പിണറായി വിജയനെ സമ്മർദത്തിലാക്കി. എന്നാൽ, പുതുപ്പള്ളിയിലും മുഖ്യമന്ത്രി ഒന്നും വിശദീകരിച്ചില്ല. സേവനം നൽകാതെ കരിമണൽ കമ്പനിയിൽനിന്ന് മുഖ്യമന്ത്രിയുടെ മകൾ വൻ തുക കൈപ്പറ്റിയെന്ന ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിൽ തൃപ്തികരമായി വിശദീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വർണക്കടത്ത് ആക്ഷേപം ആളിക്കത്തിയെങ്കിലും കോവിഡ് കാലത്തെ രക്ഷകനെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായയാണ് ഇടതുമുന്നണിക്ക് തുടർഭരണം സമ്മാനിച്ചത്. തെളിവോടെ കിട്ടിയ മകളുടെ മാസപ്പടി കേസിൽ കുരുക്കി മുഖ്യമന്ത്രിയെ തളക്കാൻ കണക്കുകൂട്ടുന്ന പ്രതിപക്ഷത്തിന് പ്രതീക്ഷ നൽകുന്നതാണ് പുതുപ്പള്ളി റെക്കോഡ് വിജയം.
അടിത്തറ തകർന്നിട്ടില്ല; ഇത് സഹതാപ തരംഗം -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പുതുപ്പള്ളിയിലെ യു.ഡി.എഫ് വിജയം സഹതാപ തരംഗമാണെന്നും എൽ.ഡി.എഫിന്റെ അടിത്തറ ചോർന്നിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മരണാനന്തര ചടങ്ങ് പോലും മത്സരത്തിനിടയിലാണ് നടന്നത്. അത് നല്ലപോലെ കോൺഗ്രസ് ഉപയോഗപ്പെടുത്തി. യു.ഡി.എഫ് വിജയം അംഗീകരിക്കുന്നു. പരാജയകാരണം വിശദമായി പരിശോധിച്ച് തിരുത്തി കൃത്യമായ നിലപാട് രൂപപ്പെടുത്തി മുന്നോട്ടുപോകും. ഉമ്മൻ ചാണ്ടിയുടെ 13ാം വിജയമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞത് സത്യമാണ്. സഹതാപതരംഗത്തിന് നല്ല സാധ്യതയുണ്ടെന്ന് തുടക്കത്തിലേ അറിയാമായിരുന്നു.
സർക്കാറിനെതിരായ താക്കീതായി കാണാനാകില്ല. അടിത്തറ നിലനിർത്താൻ കഴിഞ്ഞത് സർക്കാറിനോടുള്ള മതിപ്പാണ്. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാത്തത് പ്രശ്നമില്ല. മുഖ്യമന്ത്രി ജനങ്ങൾക്കിടയിൽ തന്നെയാണുള്ളത്. ഇനിയും കൂടുതൽ ജനങ്ങളിലേക്കിറങ്ങും. ലോക്സഭ തെരഞ്ഞെടുപ്പും ഇതേ രീതിയിലാകുമെന്നത് കെ. സുധാകരന്റെ സ്വപ്നം മാത്രമാണ്. ഒരു ആഘാതവും പാർട്ടിക്കില്ല. ലോക്സഭ തെരഞ്ഞെടുപ്പ് നല്ല ജാഗ്രതയോടെ കാണണമെന്നതാണല്ലോ ഇതിന്റെ സൂചന. അത് ആ രീതിയിൽ തന്നെ കാണും. എന്നാൽ, ഇത്ര വലിയ പരാജയമുണ്ടാകേണ്ടിയിരുന്നില്ല എന്നതാണ് വസ്തുത.
ബി.ജെ.പിക്ക് വലിയ തോതിൽ വോട്ടുചോർച്ചയുണ്ടായി. അത് യു.ഡി.എഫിന് അനുകൂലമായിട്ടുണ്ട്. സി.പി.എമ്മിന് 12,000 വോട്ട് കുറഞ്ഞെന്ന് പറയുന്നത് കഴിഞ്ഞ തവണത്തെ മാത്രം കണക്ക് വെച്ചാണ്. അതിന് മുമ്പുള്ള കണക്കുകൂടിയെടുത്താൽ സി.പി.എമ്മിന് വോട്ട് നഷ്ടം സംഭവിച്ചിട്ടില്ല. 2011ൽ 36667 വോട്ടാണ് എൽ.ഡി.എഫിന് കിട്ടിയത്. 2016ൽ 44505 വോട്ട് ജെയ്ക് സി. തോമസിന് കിട്ടി. ഇക്കുറി 42,000ലധികം വോട്ട് നേടായി. പതുപ്പള്ളിയിൽ ഇടതുമുന്നണിയുടെ അടിത്തറയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.