കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് തുടക്കം. പ്രത്യേക കോടതിയിൽ അനുവദിച്ച ആദ്യ സിറ്റിങ് ചൊവ്വാഴ്ച നടന്നു. ഹൈകോടതി താൽക്കാലിക ചുമതല നൽകിയിട്ടുള്ള അഞ്ചാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (അതിവേഗ കോടതി) ജഡ്ജി എസ്. സുഭാഷാണ് ആദ്യ സിറ്റിങ് നടത്തിയത്. കലക്ടറേറ്റിന് സമീപമുള്ള ടി.എം. വർഗീസ് സ്മാരക ലൈബ്രറി അങ്കണത്തിൽ ആരംഭിച്ച പ്രത്യേക കോടതി ജില്ല പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജി പി. മായാദേവി ഉദ്ഘാടനം ചെയ്തു. പുറ്റിങ്ങൽ കേസിന്റേതുൾപ്പെടെ മുഴുവൻരേഖകളും പ്രത്യേക കോടതിയിലേക്ക് മാറ്റി.
തൊണ്ടിമുതലുകളും മറ്റും അടുത്തദിവസം മാറ്റും. കോടതിയിലേക്ക് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. 2016 ഏപ്രിൽ 10ന് പുലർച്ചയുണ്ടായ വെടിക്കെട്ടപകടത്തിൽ 110 പേർ മരിക്കുകയും 656 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. പതിനായിരം പേജാണ് കുറ്റപത്രം. കേസിൽ 1417 സാക്ഷികളും 1611 രേഖയും 376 തൊണ്ടിമുതലും ഉണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. ജബ്ബാർ, പ്രതിഭാഗം അഭിഭാഷകർ എന്നിവർ ഹാജരായി. പ്രതികൾ ഹാജരാകുന്നതിന് നോട്ടീസ് നൽകിയിരുന്നില്ല. കേസ് 2025 ജനുവരി ഒന്നിന് പരിഗണിക്കുന്നതിന് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.