മലപ്പുറം: മുഖ്യമന്ത്രിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും പി.വി. അന്‍വർ എം.എൽ.എയെ തള്ളിപ്പറഞ്ഞെങ്കിലും അണികൾ പാർട്ടി നിലപാടിനൊപ്പം നിൽക്കുമോയെന്ന് ആശങ്ക. പൊലീസിന്റെ വഴിവിട്ടപോക്കടക്കം എം.എൽ.എ ഉയർത്തിയ മിക്ക ആക്ഷേപങ്ങളിലും ശരിയുണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം സി.പി.എം പ്രവർത്തകരും. മലപ്പുറം ജില്ലയിൽനിന്നടക്കം അൻവറിന് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ലഭിക്കുന്ന വൻതോതിലുള്ള പിന്തുണ ഇതിന് തെളിവാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയ ശേഷം പാർട്ടിയിലും സർക്കാറിലും ആഴത്തിലുള്ള തെറ്റ് തിരുത്തൽ പ്രക്രിയ ആരംഭിച്ചെങ്കിലും ആഭ്യന്തരവകുപ്പിലെ വീഴ്ചകൾ പരിഹരിക്കപ്പെടുന്നില്ലെന്ന വിമർശനം ശക്തമാണ്. പൊലീസിൽനിന്ന് പ്രാദേശിക നേതാക്കൾ നിരന്തര അവഗണനയാണ് നേരിടുന്നതെന്ന വിമർശനം പൊതുവെയുണ്ട്. സർക്കാറിന്റെ പ്രവർത്തനങ്ങളിലെ വീഴ്ച ജനങ്ങൾക്കിടയിൽ പാർട്ടി ഒറ്റപ്പെടാൻ ഇടയാക്കിയെന്നാണ് ആക്ഷേപം.
അകന്നുപോയവരെ അടുപ്പിക്കാനുള്ള തന്ത്രം വിജയിക്കണമെങ്കിൽ ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങളിൽ, പ്രവർത്തകരുന്നയിച്ച വൈകല്യങ്ങൾ പരിഹരിക്കപ്പെടണം. പൊലീസുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സാധിക്കാത്തതാണ് താഴെത്തട്ടിൽ പാർട്ടി അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയെന്നാണ് തെറ്റുതിരുത്തലുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രാദേശിക നേതാക്കൾ പറഞ്ഞിരുന്നു.
പി.വി. അന്‍വറിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് ഞായറാഴ്ച പുറപ്പെടുവിച്ച പ്രസ്താവന ക്കെതിരെ അതിരൂക്ഷമായാണ് അണികൾ പ്രതികരിക്കുന്നത്. പ്രസ്താവന ഫേസ്ബുക്കിൽ പങ്കുവെച്ച പി. ജയരാജൻ, എ.എ. റഹീം, മന്ത്രി വി. ശിവൻകുട്ടി എന്നിവരടക്കമുള്ളവരുടെ കമന്റ് ബോക്സുകളിൽ അൻവറിന് അനുകൂല പ്രതികരണങ്ങൾ നിറയുകയാണ്. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയേയും എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനേയും എന്തിനാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് ചോദിക്കുന്ന പ്രവർത്തകർ ഇങ്ങനെ പോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവരുെമന്ന മുന്നറിയിപ്പും നൽകുന്നു. അടുത്ത മാസമാദ്യം ലോക്കൽ സമ്മേളനങ്ങളിലേക്ക് കടക്കുമ്പോൾ അൻവർ വിവാദം കത്തിയാളുമെന്ന ആശങ്ക നേതൃതലത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.