കോഴിക്കോട്: രണ്ടുപേർക്ക് ക്വാറൻറീൻ സൗകര്യം ലഭ്യമാക്കാത്തതിനെ തുടർന്ന് മണിക്കൂറുകളോളം പെരുവഴിയിൽ കഴിയേണ്ടിവന്ന പ്രവാസികൾ പ്രതിഷേധവുമായി രംഗത്ത്. കരിപ്പൂരിൽ വിമാനമിറങ്ങി കെ.എസ്.ആർ.ടി.സി ബസിൽ സ്വേദശത്തേക്ക് തിരിച്ച ഷാർജയിൽനിന്നുള്ള 19 പേരാണ് ഭക്ഷണം പോലും കിട്ടാതെ മണിക്കൂറുകളോളം കുടുങ്ങിയത്.
ബസ്സിലുള്ള കോഴിക്കോട് സ്വദേശികളായ രണ്ടുപേർക്ക് സർക്കാർ ക്വാറൻറീൻ കിട്ടിയിട്ടില്ല. ഇവർക്ക് വൈകീട്ട് ആറുമണിയോടെ മാത്രമേ സർക്കാർ ക്വാറൻറീൻ ലഭിക്കൂ. ഇതേതുടർന്ന് ബസ്സിലുള്ള മറ്റുയാത്രക്കാരടക്കം കോഴിക്കോട് കെ.എസ്.ആർ.ടിസി സ്റ്റാൻഡിനുസമീപം കഴിയുകയായിരുന്നു. ആദ്യം മണിക്കൂറോളം പുതിയസ്റ്റാൻഡ് പരിസരത്ത് ബസ് നിർത്തിയിട്ടു. വൈകീട്ട് അഞ്ചുമണിയോടെയാണ് പ്രതിഷേധം തുടങ്ങിയത്.
ഇന്നലെരാത്രി 11 മണിക്ക് ഷാർജ വിമാനത്താവളത്തിൽ എത്തിയവരാണ് യാത്രക്കാരെല്ലാം. രാവിലെ 11 മണിക്കാണ് കരിപ്പൂരിലെത്തിയത്. ഷാർജയിൽ റൂമിൽനിന്ന് പുറപ്പെടും മുമ്പാണ് ഭക്ഷണം കഴിച്ചത്. അതിനുശേഷം ഇതുവരെ ഭക്ഷണം കിട്ടിയിട്ടില്ലെന്ന് ഇവർ പറഞ്ഞു. പണം മുടക്കി സ്വന്തം നിലയിൽ ഭക്ഷണം വാങ്ങാമെന്ന് പറഞ്ഞെങ്കിലും അതിനും സമ്മതിച്ചില്ല.
സഹയാത്രികരായ രണ്ടുപേർക്ക് സർക്കാർ ക്വാറൻറീൻ ലഭിക്കുന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ജില്ലാ ഭരണകൂടവും ഇക്കാര്യത്തിൽ നിസ്സഹായതയിലാണ്.
വീട്ടിൽ ക്വാറൻറീൻ സൗകര്യമില്ലാത്ത രണ്ടുേപർക്കാണ് സർക്കാർ ക്വാറൻറീൻ വേണ്ടത്. എന്നാൽ, റൂം ഒഴിവില്ലെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പറയുന്നത്. നിലവിലുള്ളവർ ഡിസ്ചാർജാവുന്ന മുറക്ക് ഇന്ന് ആറുമണിയോടെ ലഭ്യമാക്കാമെന്നാണ് അറിയിച്ചത്.
എന്നാൽ, അത്രയും സമയം കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവർ അടക്കം ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ബസ്സിലുള്ളവരെയെല്ലാം അവരവരുടെ സ്വദേശത്ത് എത്തിക്കണമെങ്കിൽ ഇനിയും മണിക്കൂറുകൾ എടുക്കും. ഇൗ സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസവും സമാനപ്രശ്നം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.