കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ കാര്യത്തിൽ തൽസ്ഥിതി തുടരാനുള്ള ഇടക്കാല ഉത്തരവ് സെപ്റ്റംബർ 15 വരെ നീട്ടി ഹൈകോടതി ഉത്തരവിട്ടു. ദൂരപരിധി പുതുക്കി ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് സർക്കാറും ക്വാറി ഉടമകളും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിെൻറ നിർദേശം.
സ്ഫോടനം നടക്കുന്ന പാറമടകളുടെ ദൂരപരിധി ജനവാസ മേഖലയിൽനിന്ന് 200 മീറ്ററും അല്ലാത്തവയുടേത് 100 മീറ്ററുമാക്കിയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരായ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ രണ്ടാഴ്ചത്തേക്ക് തൽസ്ഥിതി തുടരാൻ നിർദേശിച്ച് സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിെൻറ കാലാവധിയാണ് നാലാഴ്ചത്തേക്ക് കൂടി നീട്ടിയത്. ഹരജി വീണ്ടും സെപ്റ്റംബർ 11ന് പരിഗണിക്കും.
ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രായോഗികമല്ലെന്നും കേരളത്തിെൻറ പ്രത്യേക ഭൂഘടനയും ജനസാന്ദ്രതയും പരിഗണിച്ച് ജനവാസ മേഖലയിൽനിന്ന് 50 മീറ്റർ ദൂരപരിധിയിലാണ് പാറമടകൾക്ക് അനുമതി നൽകുന്നതെന്നുമാണ് സർക്കാറിെൻറയും ക്വാറി ഉടമകളുടെയും ഹരജികളിലുള്ളത്. തൽസ്ഥിതി ഉത്തരവ് നീട്ടിയെങ്കിലും പുതിയ അപേക്ഷകൾ പരിഗണിക്കുമ്പോൾ ഹരിത ട്രൈബ്യൂണൽ നിർദേശം പാലിക്കണമെന്ന് കോടതി ആവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.