ചോദ്യപേപ്പർ ചോർച്ച: മുഖം നോക്കാതെ നടപടി സ്വീകരിക്കണം- ബിനോയ് വിശ്വം

തുരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാർത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വിൽക്കുന്ന ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സംഘം ചേർന്ന് നടത്തുന്ന ഇത്തരം ചോർത്തലുകൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് അപമാനമാണ്.

എന്തുചെയ്തും പണം കൊയ്യാൻ ഇറങ്ങി പുറപ്പെട്ടവരിൽ നിന്ന് പരീക്ഷകളെ രക്ഷിക്കാൻ ബദൽ വഴികൾ ആരായാൻ ഗവൺമെന്റ് മുൻകൈയെടുക്കണം. കാണാതെ പഠിച്ച് പരീക്ഷ ജയിക്കുന്ന സമ്പ്രദായത്തിന് പകരം വിദ്യാർഥിയുടെ യഥാർത്ഥ അറിവ് അളക്കാൻ ഉതകുന്ന പരീക്ഷ സമ്പ്രദായങ്ങൾ കണ്ടെത്തണം.

ഈ ദിശയിൽ ആദ്യത്തെ നിർദ്ദേശം മുൻവച്ചത് 1970 കളുടെ രണ്ടാം പകുതിയിൽ എ.ഐ.എസ്.എഫ് ആയിരുന്നു. ഓപ്പൺ ടെക്സ്റ്റ് ബുക്ക് സമ്പ്രദായം, ഉത്തര പേപ്പർ മടക്കിക്കൊടുക്കൽ തുടങ്ങിയ നിർദേശങ്ങൾ അന്ന് എ.ഐ.എസ്.എഫ് ആദ്യമായി മുന്നോട്ടുവച്ചു. അതുപോലെയുള്ള നവീന ആശയങ്ങളിലൂടെ പരീക്ഷകളെ മാനഭംഗപ്പെടുത്തുന്ന ഗൂഢ സംഘത്തിൽ നിന്ന് വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ കഴിയണം.

ആ ലക്ഷ്യത്തോടെ വിദഗ്ധസമിതിയെ സർക്കാർ നിയമിക്കണം. ഇത് സംബന്ധമായി ആലോചിക്കാൻ വിദ്യാഭ്യാസ വിചക്ഷണരുടെയും അധ്യാപക- വിദ്യാർഥി സംഘടനകളുടെയും അടിയന്തരയോഗം വിളിച്ചു കൂട്ടണമെന്ന് ബിനോയ് വിശ്വം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Question paper leak: Action should be taken without looking at face - Binoy Vishwam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.