ബാങ്ക് മാനേജര്‍ക്ക് മര്‍ദനം: നിശാന്തിനിക്കെതിരായ നടപടി മരവിപ്പിച്ച ഉത്തരവ് ഹൈകോടതി റദ്ദാക്കി

കൊച്ചി: ബാങ്ക് മാനേജറെ കേസില്‍പെടുത്തി മര്‍ദിച്ച സംഭവത്തില്‍ തൊടുപുഴ എ.എസ്.പിയായിരുന്ന നിശാന്തിനിയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്കനടപടി മരവിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി റദ്ദാക്കി. പരാതിക്കാരന്‍െറയും എതിര്‍കക്ഷികളുടെയും വിശദീകരണം കേട്ടശേഷം നാലുമാസത്തിനകം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത് പരാതിക്കാരനായ പേഴ്സി ജോസഫ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. യൂനിയന്‍ ബാങ്കിന്‍െറ തൊടുപുഴ ശാഖയില്‍ സീനിയര്‍ മാനേജറായിരുന്ന പേഴ്സി ജോസഫ് ഡെസ്മണ്ടിനെ 2011 ജൂലൈ 26ന് തൊടുപുഴ എ.എസ്.പിയായിരുന്ന നിശാന്തിനിയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുവെന്നാണ് പരാതി.

ഒരു പൊലീസുകാരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് പേഴ്സിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ പേഴ്സി നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പേഴ്സി ജോസഫ് ഡി.ജി.പിക്ക് നേരിട്ടും പരാതി നല്‍കി. പിന്നീട് പേഴ്സി ജോസഫ് ഹൈകോടതിയെയും സമീപിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തെങ്കിലും കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടപടി മരവിപ്പിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ വൈകാതെ അന്തിമതീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പേഴ്സി ജോസഫിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് തൊടുപുഴ കോടതി റദ്ദാക്കി.

എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാവില്ളെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കുന്നതല്ളെന്ന് കോടതി വിലയിരുത്തി. ക്രിമിനല്‍ കേസുള്ളതിനാല്‍ നടപടി വേണ്ടതില്ളെന്ന നിലപാട് അംഗീകരിക്കാനാവില്ല. സര്‍ക്കാറിന്‍െറ നടപടി ഹൈകോടതിയില്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമാകുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

Tags:    
News Summary - r nishanthini ips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.