ചെറുവത്തൂർ: 16ാംവയസ്സിൽ ലോകത്തിനുനേരെ കതകടച്ചിരുന്ന് കണ്ണ് കുത്തിപ്പൊട്ടിച്ച് ജീവിതം ഇരുളാക്കിയ സാവിത്രിയെ ആരും മറന്നുകാണില്ല. ക്രൂരമായ റാഗിങ്ങിൽ ജീവിതം തകർന്നുപോയ മയിച്ച വെങ്ങാട്ടെ സാവിത്രി (45) ഒടുവിൽ ഈ ലോകത്തോട് തന്നെ വിടപറഞ്ഞു.
മഞ്ചേശ്വരം സ്നേഹാലയ റീഹാബിലിറ്റേഷൻ സെന്റർ അന്തേയവാസിയായ സാവിത്രി പനി ബാധിച്ചാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
29 വർഷം മുമ്പ് കാഞ്ഞങ്ങാട്ടെ കോളജിലെ പഠനകാലത്ത് റാഗിങ്ങിനിരയായി മനോനില തകർന്ന സാവിത്രിയുടെ ജീവിതം തീരാ നോവായിരുന്നു.
പാട്ടും ഡാൻസുമൊക്കെയായിരുന്നു അവൾക്കിഷ്ടം. പഠനത്തിൽ അതിലേറെ മിടുക്കി. അച്ഛനെ കണ്ട ഓർമ പോലുമില്ലാത്ത കൊച്ചനുജത്തിയെ പ്രാരബ്ധമൊന്നും ചേച്ചിമാരും അറിയിച്ചില്ല. കുന്നോളം സ്വപ്നങ്ങളാണ് ആ പെൺവീട്ടിൽ വിരിഞ്ഞത്. പഠിച്ച് ഡോക്ടറാവുമെന്ന ഉറപ്പാണവൾ അവർക്ക് നൽകിയത്. എല്ലാ പ്രശ്നവും അതോടെ തീരും. നല്ലൊരു വീടുണ്ടാക്കണം. അമ്മ കൂലിപ്പണിക്കു പോവുന്നത് നിർത്തണം... അങ്ങനെയങ്ങനെ...
എസ്.എസ്.എൽ.സിക്ക് ഫസ്റ്റ് ക്ലാസ് നേടി ജയിച്ചതോടെ നാട്ടിലും അവൾ താരമായി. ഇതോടെ അവൾ പറഞ്ഞതെല്ലാം പുലർവേളയിലെ കിനാവുപോലെയവർക്ക് തോന്നിത്തുടങ്ങി. എൻട്രൻസ് എഴുതണം... സ്റ്റെതസ്കോപ്പും കഴുത്തിലണിഞ്ഞു നടക്കുന്ന കാലം ഇനി വിദൂരമല്ലെന്ന് അവളും കണക്കുകൂട്ടി. കാഞ്ഞങ്ങാട് നെഹ്റു കോളജിൽതന്നെ പ്രീഡിഗ്രി സയൻസ് ഗ്രൂപ്പിൽ സെലക്ഷനും കിട്ടി. ഇത്രയും പറഞ്ഞപ്പോൾ വട്ടിച്ചിയുടെ തൊണ്ടയിടറി. ഇനിയെന്തു പറയും, എങ്ങനെ പറയുമെന്നത് അവരെ കുഴക്കി.
പിന്നീട് സംഭവിച്ചതൊന്നും ഓർക്കാൻ ആ വീട്ടുകാർക്ക് മാത്രമല്ല, നാട്ടുകാർക്കും താൽപര്യമില്ല. കോളജിൽ ഒരുപറ്റം മുതിർന്ന കുട്ടികൾ നടത്തിയ റാഗിങ്ങിനെത്തുടർന്ന് മിടുക്കിയായ സാവിത്രിയുടെ മാനസികനില തെറ്റി. അതോടെ അവളുടെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ പെടുന്നനേ വീണുടഞ്ഞു. 24 വർഷങ്ങൾക്കിപ്പുറവും അവൾ ജീവിക്കുന്നുണ്ട്. അമ്മയെയും ചേച്ചിമാരെയുമെല്ലാം വിട്ട് ഒരുപാടകലെ. താൻ ആരാണെന്നുപോലുമറിയാതെ...
കഥയല്ലിത്, ജീവിതം...
കാസർകോട് ജില്ലയിലെ ചെറുവത്തൂർ വെങ്ങാട്ട് 'മുണ്ടവളപ്പിൽ' പെൺവീടായാണ് അറിയപ്പെടുന്നത്. അമ്മയും നാലു പെൺമക്കളുമുള്ള വീട്. സാവിത്രിക്ക് ഒരു വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. അതോടെ, നാലു പെൺമക്കളുടെ ജീവിതം മുഴുവൻ അമ്മയുടെ ചുമലിലായി. കൂലിപ്പണിയെടുത്ത് അവർ മക്കളെ വളർത്തി. വയസ്സ് എഴുപത് പിന്നിട്ടിട്ടും ഇപ്പോഴും വട്ടിച്ചി തൊഴിലുറപ്പുപണികൾക്ക് പോകുന്നുണ്ട്.
ആറു സെൻറും അടച്ചുറപ്പില്ലാത്ത വീടുമാണ് അവർക്കന്നുമിന്നും. നാലു പെൺമക്കളിൽ ഏറ്റവും ഇളയവളാണ് സാവിത്രി. അവൾ ആഗ്രഹിച്ചപോലെതന്നെ നടന്നിരുന്നുവെങ്കിൽ കാസർകോട് ജില്ലയിലെ ഏതെങ്കിലുമൊരു ആശുപത്രിയിൽ ഡോക്ടർ ആയിരിക്കേണ്ടവൾ. ഇനി ഡോക്ടറായില്ലെങ്കിൽ അധ്യാപികയെങ്കിലും ആകുമായിരുന്നുവെന്ന് വീട്ടുകാർക്ക് ഉറപ്പുണ്ട്. 1985ലാണ് അവൾ ഒന്നാം ക്ലാസിലെത്തുന്നത്. അധികം വൈകാതെ സ്കൂളിലെ പഠിപ്പിസ്റ്റുകളിൽ സാവിത്രി ഇടം നേടി. പാട്ടും ഡാൻസും നാടകവുമെല്ലാം അതിലേറെ ഇഷ്ടം. സ്കൂൾ കലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. സ്കൂൾതല മേളകളിൽ അവളായിരുന്നു താരം.
കൂലിവേല ചെയ്ത് ക്ഷീണിച്ചെത്തുന്ന അമ്മയോട് അവൾ പറയുമായിരുന്നു, 'അമ്മേ, നമുക്ക് നല്ലൊരു കാലം വരും. മുണ്ടവളപ്പിൽ വീട്ടിൽ ഡോക്ടറുണ്ടാവും'. കുട്ടിക്കാലത്തെ കുസൃതിയാണെങ്കിലും ആ വാക്കുകൾ അമ്മയുടെ മുഖത്ത് പൊൻതിളക്കമുണ്ടാക്കി. 1995ലായിരുന്നു എസ്.എസ്.എൽ. സി. ഒപ്പമുള്ളവരെല്ലാം ട്യൂഷനുപോകുേമ്പാഴും അവൾ പരിഭവിച്ചില്ല. ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയുമൊന്നും കണക്കുകൂട്ടലുകൾ തെറ്റിച്ചില്ല. കുട്ടമത്ത് ഹൈസ്കൂളിന്റെ പ്രതീക്ഷയും തെറ്റിയില്ല. ഫലം വന്നപ്പോൾ എസ്.എസ്.എൽ.സിക്ക് ഫസ്റ്റ് ക്ലാസ്. മുണ്ടവളപ്പിൽ വീട്ടിൽ സന്തോഷം അലയടിച്ചു. ഇന്നത്തെപ്പോലെ ഫുൾ എ പ്ലസുകൾ കൂടുതലുള്ള കാലമല്ല. 210 മാർക്ക് കിട്ടി പാസാവാൻ പാടുപെടുന്നവരുടെ കാലം. വിരലിലെണ്ണാവുന്നവർക്കു മാത്രമാണ് ഡിസ്റ്റിങ്ഷനും ഫസ്റ്റ്ക്ലാസുമൊക്കെ ലഭിച്ചിരുന്നത്. ഫസ്റ്റ് ക്ലാസിനു വേണ്ട 360നും മേലെയായിരുന്നു സാവിത്രിയുടെ മാർക്ക്. നാട്ടിൽ അഭിനന്ദനപ്രവാഹം.
ഡോക്ടറാവാനുള്ള വഴിതേടുകയായിരുന്നു പിന്നീട്. അങ്ങനെയാണ് പ്രീഡിഗ്രിക്ക് സെക്കൻഡ് ഗ്രൂപ് ഓപ്ഷനാക്കി അപേക്ഷിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കുറച്ച് കോളജുകളുള്ള ജില്ലയാണ് കാസർകോട്. സർക്കാർ, എയ്ഡഡ് കോളജുകളിൽ പ്രീഡിഗ്രിക്ക് സീറ്റ് കിട്ടാൻ വലിയ പാടാണ്. എയ്ഡഡ് കോളജുകളിലെ മാനേജ്മെൻറ് സീറ്റ് കിട്ടാൻ പിടിപാടും വേണം. രണ്ടും കൽപിച്ചുതന്നെയാണ് പ്രീഡിഗ്രിക്ക് കോളജുകൾ കയറിയിറങ്ങി അപേക്ഷ നൽകിയത്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട കോളജായ നെഹ്റു കോളജിൽതന്നെ സെക്കൻഡ് ഗ്രൂപ്പിൽ സാവിത്രിക്ക് പ്രവേശനം ലഭിച്ചു. അങ്ങനെ സാവിത്രിയും കോളജുകുമാരിയായി. വീട്ടിൽ ഇത്രയും പഠിച്ചവർ ആരുമില്ല. സഹോദരിമാരുടെയും അമ്മയുടെയും അകമഴിഞ്ഞ പിന്തുണ. പഠിച്ച് വലിയ ആളാവണം, ജോലി നേടണം. പുത്തനുടുപ്പണിഞ്ഞവൾ കോളജിലെത്തി.
വലിയ പ്രതീക്ഷകളോടെയാണ് അവൾ കോളജിലെത്തിയത്. കുട്ടമത്ത് ഹൈസ്കൂളിലെ അന്തരീക്ഷമേയല്ല. പുതിയ ലോകം. ആദ്യ ദിവസംതന്നെ സീനിയേഴ്സിന്റെ പരിചയപ്പെടൽ ചടങ്ങ് എന്നപേരിലുള്ള റാഗിങ്. നാടും വീടും പേരുമൊക്കെ ചോദിച്ചു. നാട്ടിൻപുറത്തുനിന്ന് വരുന്ന അവൾക്ക് പരിചിതമായിരുന്നില്ല അതൊന്നും. ആൺകുട്ടികൾ പിന്നാലെ കൂടുന്നു, പലതും ചോദിക്കുന്നു. അവർക്കെന്തിന് അറിയണം അതൊക്കെ തുടങ്ങിയ ചിന്തകളായി സാവിത്രിക്ക്. വലിയ സ്വപ്നങ്ങളുടെ സ്ഥാനത്ത് മനസ്സിൽ ദേഷ്യവും സങ്കടവും ഉത്കണ്ഠയും നിറഞ്ഞു, മനസ്സ് പലവഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. മനസ്സില്ലാമനസ്സോടൊണ് രണ്ടാം ദിവസം കോളജിലേക്ക് പോയത്. മൂന്നാം ദിവസം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കൊച്ചനുജത്തി അക്കാര്യം തുറന്നുപറഞ്ഞു- 'ഞാൻ ഇനി കോളജിലേക്കില്ല'.
ഉച്ചക്ക് കഴിക്കാൻ കൊണ്ടുപോയ ചോറ്റുപൊതി അതേപോലെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. ഒന്നും മിണ്ടാതെ മുറിക്കകത്ത് കയറിയവൾ കതകടച്ചു, ഇനി കോളജിലേക്കില്ലെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു... ആദ്യം വീട്ടുകാരത് കാര്യമാക്കിയില്ല. രണ്ടുദിവസം കഴിഞ്ഞ് പോവുമെന്നവർ കരുതി. പക്ഷേ, അവൾ റൂമിൽ കയറി വാതിലടച്ച് ഇരിപ്പായി. ആരോടും സംസാരിക്കാതായി. ഭക്ഷണത്തിനുവേണ്ടി മാത്രം കതക് തുറക്കും. എന്താണ് കോളജിൽ സംഭവിച്ചതെന്ന് ഇന്നും ആർക്കുമറിയില്ല. സീനിയേഴ്സ് റാഗ് ചെയ്തുവെന്നു മാത്രമാണ് അവൾ പറഞ്ഞത്. ആരുടെയും പേരുപോലും പറഞ്ഞില്ലെന്ന് അമ്മ ഓർക്കുന്നു.
സ്കൂൾതലത്തിൽ പാട്ടിനും ഡാൻസിനും നാടകത്തിനുമെല്ലാം ഒന്നാംസ്ഥാനക്കാരിയായിരുന്നു അവൾ. അങ്ങനെയുള്ളയാൾക്ക് പാട്ടോ ഡാൻസോ ഒന്നും വേണ്ടാതായി. പ്രീഡിഗ്രിക്ക് ചേർന്ന് മൂന്നാംനാൾ മടക്കിവെച്ച പുസ്തകം പിന്നെയവൾ തുറന്നില്ല. പഠനവും കലയുമെല്ലാം എെന്നന്നേക്കുമായി അവസാനിപ്പിച്ചു മുറിയിലൊതുങ്ങിക്കൂടി. മനസ്സിനെ തകർത്തതെന്തെന്നറിയാതെ വീട്ടുകാർ സഹപാഠികളോടെല്ലാം വിവരം തിരക്കി. വെറും മൂന്നുദിവസത്തെ മാത്രം പരിചയമുള്ള കുട്ടികളായിരുന്നു പലരും. അവർക്കൊന്നും അറിയില്ല. കോളജ് അധ്യാപകർക്കോ പ്രിൻസിപ്പലിനോ അതുമറിയില്ല. റാഗിങ് നിരോധന നിയമത്തിനും മുമ്പായതിനാൽ അതത്ര കാര്യമാക്കിയ കാലവുമായിരുന്നില്ല.
അനുദിനം അവളുടെ മനസ്സ് മാറിക്കളിക്കുന്നത് കണ്ടപ്പോൾ ചികിത്സ തേടി. കാസർകോട്ടും കണ്ണൂരും കോഴിക്കോടും മംഗളൂരുവിലുമൊക്കെയായി മാറി മാറി ചികിത്സ. പിന്നീട് വീട്ടിൽനിന്ന് പുറത്തേക്ക് ഓടാൻ തുടങ്ങി. ആത്മഹത്യാശ്രമവും നടത്തി. കാര്യങ്ങൾ കൈവിടുമെന്നായതോടെ മുറി പുറത്തുനിന്ന് അടച്ചിടാൻ തുടങ്ങി. കോഴിക്കോടും മംഗളൂരുവിലും ചികിത്സതുടർന്നു. ഒരുവേള ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല.
പിന്നീടാണത് സംഭവിച്ചത്. ഒരു ദിവസം രാവിലെ ചായ കഴിച്ച് മുറിയിൽ കിടന്നതാണ്. ഉറങ്ങുകയാണെങ്കിൽ വിളിക്കരുതെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നതുകൊണ്ട് വിളിച്ചില്ല. ഉച്ചഭക്ഷണം നൽകാൻ മുറിയുടെ വാതിൽ തുറന്നപ്പോൾ സഹോദരിയുടെ മകൾ ആ കാഴ്ച കണ്ട് ഞെട്ടി. കൈയിൽ തല താഴ്ത്തിക്കിടക്കുകയായിരുന്നു അവൾ. ഉച്ചത്തിൽ വിളിച്ചിട്ടും പ്രതികരണമില്ലാത്തത് കണ്ട് അരികിലെത്തിയപ്പോൾ കണ്ടത് കൈകളിൽ നിറയെ രക്തം. കൈമാറ്റി മുഖത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അതിഭീകരമായിരുന്നു. കണ്ണുകൾ കുത്തിപ്പൊട്ടിച്ചിരിക്കുന്നു, കൃഷ്ണമണി പുറത്തേക്ക് ചാടിയിരിക്കുന്നു. ആ കാഴ്ച കണ്ട് സഹോദരിപുത്രി നിലവിളിച്ചു. തൊട്ടടുത്ത വീട്ടിൽ വാർപ്പുപണി നടക്കുന്നുണ്ടായിരുന്നു. ആളുകൾ ഓടിക്കൂടി അവളെയുംകൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു. കണ്ണ് പൂർണമായും വേർപെട്ടുപോയതായും ഞരമ്പുകൾക്ക് കാര്യമായ തകരാർ സംഭവിച്ചുവെന്നും ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഡോക്ടർമാർ കൈമലർത്തിയതോടെ മുണ്ടവളപ്പിൽ വീട്ടിൽ ഇരുട്ടിനുമേൽ ഇരുട്ട് നിറയുകയായിരുന്നു.
കോളജിലെ കുറച്ച് മുതിർന്ന വിദ്യാർഥികളുടെ തമാശയിൽ മനസ്സുതകർന്ന് 16ാം വയസ്സിൽ ലോകത്തിനു നേരെ കതകടച്ചിരുന്ന സാവിത്രിക്കിപ്പോൾ വയസ്സ് 41. മേനാരോഗികളായിരുന്നവരെ പുനരധിവസിപ്പിക്കുന്ന തിരുവനന്തപുരത്തെ അഭയം എന്ന കേന്ദ്രത്തിലാണ് അവളിപ്പോൾ കഴിയുന്നത്. അടുത്ത ബന്ധുക്കളുമായി വിഡിയോ വഴി സംസാരിക്കും. മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ വയോധികയായ അമ്മക്ക് താൽപര്യമുണ്ട്. പക്ഷേ, ആറു സെൻറിൽ അടച്ചുറപ്പുള്ള വീടുപോലുമില്ലാത്തതിനാൽ അവർക്കതിന് കഴിയുന്നില്ല. ഇപ്പോൾ സാവിത്രിയുടെ രണ്ടാമത്തെ കണ്ണിനും മങ്ങലുണ്ട്. കാഴ്ച പോകുമോ എന്ന ആശങ്ക ഈയിടെ അവൾ പങ്കുവെച്ചതായി അമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.