തൃശൂർ/കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ എ.െഎ.സി.സി പ്രസിഡൻറ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. തമിഴ്നാട്ടിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരം വഴി നെടു മ്പാശ്ശേരിയിലെത്തിയ രാഹുൽ അവിടെ നിന്ന് കാറിൽ തൃശൂരിലെത്തി. തൃശൂർ രാമനിലയത്തിലാ ണ് അദ്ദേഹം തങ്ങുന്നത്.
നെടുമ്പാശേരിയിൽനിന്ന് രാത്രി 8.45ന് രാഹുൽ രാമനിലയത്തിൽ എത്തിയത്. എ.െഎ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നീ നേതാക്കളും രാഹുല്‍ഗാന്ധിക്കൊപ്പം രാമനിലയത്തിലുണ്ട്.
തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തൃശൂർ പൂരത്തിെൻറ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഭാരവാഹികളും അദ്ദേഹത്തെ സന്ദർശിച്ചു. കേരളത്തിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. കനത്ത സുരക്ഷയാണ് അദ്ദേഹത്തിനായി ഒരുക്കിയത്.
വ്യാഴാഴ്ച രാവിലെ 10ന് അഖിലേന്ത്യ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് കമ്മിറ്റി തൃപ്രയാർ ടി.എസ്.ജി.എ ഒാഡിറ്റോറിയത്തിൽ നടക്കുന്ന നാഷനല്‍ ഫിഷര്‍മെന്‍ പാര്‍ലമെൻറ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. തുടർന്ന് 12.15ന് ഹെലികോപ്റ്റര്‍ മാര്‍ഗം കണ്ണൂരിലേക്ക് തിരിക്കും. തുടർന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കുടുംബാംഗങ്ങളെ കാണും. ഉച്ചക്ക് രണ്ടിന് കാസർകോട് പെരിയയിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരുടെ വീടുകൾ സന്ദർശിക്കും. വൈകീട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാ സംഗമത്തിൽ പങ്കെടുത്തശേഷം ഡൽഹിക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.