'ക്രിസ്മസിന് കേക്കുമായി അരമനകൾ കയറിയിറങ്ങുന്ന പല പേരിലറിയപ്പെടുന്ന സംഘ്പരിവാറുകാർ, അവരാണ്, ഉത്തരാഖണ്ഡ് തൊട്ട് നമ്മുടെ ചിറ്റൂരിൽ വരെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അതിക്രമം അഴിച്ചുവിട്ടവർ'; രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: മധ്യപ്രദേശിൽ ക്രൈസ്തവ പുരോഹിതർ ആക്രമണത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ക്രിസ്തുമസ് ആകുമ്പോൾ കേക്കുമായി കേരളത്തിലെ അരമനകൾ കയറിയിറങ്ങുന്ന പല പേരിലറിയുന്ന സംഘപരിവാറുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അവരാണ് ഗ്രഹാം സ്റ്റെയ്ൻസ് എന്ന മിഷണറിയെയും അദ്ദേഹത്തിന്റെ പിഞ്ചുമക്കളായ ഫിലിപ്പിനെയും തിമോത്തിയെയെയും ചുട്ടുകൊന്നവർ, അവരാണ് മണിപ്പൂരിൽ നൂറു കണക്കിന് പള്ളികൾ തകർത്തു വിശ്വാസികളെ ചുട്ട് കൊന്നവർ, അവരാണ് മദർ തെരേസയെ ആക്ഷേപിച്ചുകൊണ്ട് ഭാരതരത്നം തിരിച്ചെടുക്കണമെന്ന് പറഞ്ഞവരെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പാർലമെന്റിൽ ബി.ജെ.പി അംഗങ്ങളുടെ ക്രൈസ്തവ 'സ്നേഹം' വലിയ ചർച്ചയായ സാഹചര്യത്തിൽ കൂടിയാണ് രാഹുലിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.

പാർലമെന്റിൽ വഖഫ് ഭേദഗതി ബിൽ ചർച്ചക്കിടെയാണ് മുനമ്പം വിഷയം മുൻനിർത്തി ബി.ജെ.പി അംഗങ്ങൾ ക്രൈസ്തവ സംരക്ഷകരായി രംഗത്തെത്തിയത്. ലോക്സഭയിൽ കെ.സി.വേണുഗോപാലും ഹൈബി ഈഡനും ഉൾപ്പെടെയുള്ള കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിയുടേത് കപട സ്നേഹമാണമെന്ന് തുറന്നടിച്ചിരുന്നു.

ഈ ചർച്ചകൾക്കും കോലാഹലങ്ങൾക്കുമിടെയാണ് മധ്യപ്രദേശിൽ ക്രിസ്ത്യൻ പുരോഹിതരെ ഹിന്ദുത്വ പ്രവർത്തകർ പൊലീസിന് മുന്നിലിട്ട് ക്രൂരമായി മർദിച്ചത്.

മാണ്ഡാല പള്ളിയിലെ പുരോഹിതരും തീർഥാടകരും ഉൾപ്പെടുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. പള്ളിയുടെ 25ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

പള്ളികളിൽ സന്ദർശനം നടത്തുന്നതിനിടെ ഒരു സംഘം വി.എച്ച്.പി ബജ്റംഗ്ദൾ പ്രവർത്തകർ ഇവരുടെ ബസ് തടയുകയായിരുന്നു. തുടർന്ന് ഇവരെ ഒമ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ, പൊലീസ് ഇവരെ വിട്ടയച്ചു.

മുന്നോട്ടുള്ള യാത്രക്കിടെ വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർ ഇവരെ വീണ്ടും തടയുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പിന്നീട് സ്റ്റേഷനിൽവെച്ച് പുരോഹിതരടക്കമുള്ളവരെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തി​ന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ അപലപിച്ച് വിവിധ ക്രിസ്ത്യൻ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മധ്യപ്രദേശിൽ ക്രൈസ്തവ പുരോഹിതർ ആക്രമിക്കപ്പെട്ടു..
ആരാണ് അക്രമിച്ചത്?
ഗ്രഹാം സ്റ്റെയ്ൻസ് എന്ന മിഷണറിയെയും അദ്ദേഹത്തിന്റെ പിഞ്ചുമക്കളായ ഫിലിപ്പിനെയും തിമോത്തിയെയെയും ചുട്ടുകൊന്നവർ തന്നെ.
മദർ തെരേസയെ ആക്ഷേപിച്ചുകൊണ്ട് ഭാരതരത്നം തിരിച്ചെടുക്കണമെന്ന് പറഞ്ഞവർ തന്നെ.
സ്റ്റാൻ സാമി വന്ദ്യവയോധികനായ പുരോഹിതിനെ മരണം വരെ തുറങ്കിലടച്ചവർ തന്നെ.
ചത്തീസ്ഗഢ് തൊട്ട് കർണ്ണാടകയിലെ വരെ പള്ളികൾക്ക് നേരെ അതിക്രമം നടത്തിയവർ തന്നെ.
ഉത്തരാഖണ്ഡ് തൊട്ട് നമ്മുടെ ചിറ്റൂരിൽ വരെ ക്രിസ്ത്മസ് ആഘോഷങ്ങൾക്ക് നേരെ അതിക്രമം അഴിച്ചു വിട്ടവർ തന്നെ.
മണിപ്പൂരിൽ നൂറു കണക്കിന് പള്ളികൾ തകർത്തു വിശ്വാസികളെ ചുട്ട് കൊന്നവർ തന്നെ.
ആരാണവർ?
ആ അവർ തന്നെ, ക്രിസ്തുമസ് ആകുമ്പോൾ കേക്കുമായി കേരളത്തിലെ അരമനകൾ കയറിയിറങ്ങുന്നവർ....
പല പേരിലറിയുന്ന സംഘപരിവാറുകാർ....
അവർ ഈ നാടിന് എതിരാണ്….


Full View


Tags:    
News Summary - rahul mamkootathil facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.