കോഴിക്കോട്: പാലക്കാട് പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ച ഡി.ജി.പിക്കെതിരെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ആരാണ് ഡി.ജി.പി ഏമാനെ ജാഗ്രത പാലിക്കണ്ടതെന്ന ചോദ്യം രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. എന്തായാലും ഏമാനും ഏമാന്റെ ഏഭ്യന്തര വകുപ്പും ഏമാന്റെ വകുപ്പ് മന്ത്രിയും ഒരു ജാഗ്രതയും കാണിക്കില്ലായെന്ന് അറിയാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
''ആരാ ഡി.ജി.പി ഏമാനെ ജാഗ്രത പാലിക്കേണ്ടത്?
കൊല്ലാൻ വരുന്നവരാണോ, കൊല്ലപ്പെടാൻ സാധ്യതയുള്ളവരാണോ?
എന്തായാലും ഏമാനും, ഏമാന്റെ ഏഭ്യന്തര വകുപ്പും, ഏമാന്റെ വകുപ്പ് മന്ത്രിയും ഒരു ജാഗ്രതയും കാണിക്കില്ലായെന്ന് അറിയാം...''
പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പാറ ഏരിയ പ്രസിഡന്‍റ് സുബൈർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.പി സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. തുടർ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാനാണ് ഡി.ജി.പിയുടെ നിർദേശം. ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. അവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവികളോട് നിർദേശിച്ചിട്ടുണ്ട്.
ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ പോകവെയാണ് പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊന്നത്. രണ്ടു കാറുകളിലാണ് അക്രമിസംഘം സുബൈറിനെ പിന്തുടർന്നത്. സുബൈറിന്റെ ബൈക്കിൽ ഇടിച്ചു വീഴ്ത്തിയ ശേഷം രണ്ടാമത്തെ കാറിൽ നിന്നിറങ്ങിയ സംഘമാണ് വെട്ടിയത്.
വെട്ടേറ്റ സുബൈറിനെ അതിവേഗം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനിടെ സുബൈറിന്റെ ഒപ്പമുണ്ടായിരുന്ന പിതാവ് അബൂബക്കറിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു. ഇതിൽ ഒരു കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ നവംബറിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതാണ് ഈ കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.