കോഴിക്കോട്: കറുപ്പ് നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ തുറന്നുപറച്ചിലിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ത്വക്കിന്‍റെ നിറത്തിന്റെ ക്വാളിറ്റി ചെക്ക് നടത്താൻ നമ്മൾ ആരാണെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഏത് നിമിഷവും സ്കിൻ കാൻസർ വരാൻ പറ്റുന്ന ത്വക്കിന്റെ നിറത്തിൽ എന്ത് കാര്യമാണുള്ളത്. ശരീരത്തിന് ഏത് നിറമായാലും, ചിലരുടെ തനിനിറം പുറത്തുവന്നുവെന്നും രാഹുൽ എഫ്.ബി പോസ്റ്റിൽ പറയുന്നു.
ശാരദ മുരളീധരൻ, കേരളത്തിന്റെ ചീഫ് സെക്രട്ടറി. കേരളത്തിലെ ഏറ്റവും ഉന്നതയായ ഉദ്യോഗസ്ഥ പോലും അവരുടെ ത്വക്കിന്റെ നിറത്തിന്റെ പേരിൽ അവരുടെ തൊഴിൽ ഇടത്തിൽ അധിക്ഷേപിക്കപ്പെടുകയാണ്. എന്തൊരു അവസ്ഥയാണിത്!
ഒരു ചാനൽ ഷോയിൽ “കേരളാ സാർ ,100 പേർസെന്റ ലിറ്ററേസി സാർ” എന്ന് അവതാരകൻ പറയുന്നതിന് എതിരെ വലിയ സൈബർ പോരാട്ടം നടത്തിയത് ഓർമ്മയുണ്ടോ? ആ 100 പെർസെന്റജ് ലിറ്ററസി സ്റ്റേറ്റിലാണ് ആ സ്റ്റേറ്റിന്റെ ചീഫ് സെക്രട്ടറി അധിക്ഷേപിക്കപ്പെടുന്നത്.
ഇനി അവരെ പിന്തുണക്കാൻ നമ്മൾ എന്താ പറയേണ്ടത്? “അവർക്ക് എന്തൊരു അഴകാണ്, കറുപ്പിന് എന്താ കുഴപ്പം, കറുപ്പിനല്ലേ അഴക് “ തുടങ്ങിയ ക്ലിഷെ പ്രയോഗങ്ങൾ അല്ലേ ?
ത്വക്കിന്റെ നിറത്തിന്റെ ക്വാളിറ്റി ചെക്ക് നടത്താൻ നമ്മൾ ആരാണ്? അല്ലെങ്കിൽ തന്നെ ഏത് നിമിഷവും സ്കിൻ കാൻസർ വരാൻ പറ്റുന്ന ത്വക്കിന്റെ നിറത്തിൽ എന്ത് കാര്യമാണ് ഉള്ളത്?
ലഹരിയുടെ വിഷയത്തിലും വയലൻസ് വിഷയത്തിലും പലപ്പോഴും സമൂഹം പ്രതിക്കൂട്ടിൽ നിർത്തുന്ന പുതിയ തലമുറയുണ്ടല്ലോ, ജെൻ x ഇ എന്നും ആൽഫ കിഡ്സ് എന്നും ഒക്കെ വിളിക്കുന്ന കുട്ടികൾ, അവർ ഈ പൊളിറ്റിക്കൽ കറക്ട്നസ് കാര്യത്തിൽ മുതിർന്ന തലമുറക്ക് ഒരു മാതൃകയാണ്. അവർക്കിടയിൽ നിറത്തിന്റെയോ ശാരീരിക അവസ്ഥയുടെയോ പേരിലുള്ള അധിക്ഷേപങ്ങളും വട്ടപ്പേരുകളും വളരെ കുറവാണ്..
ശരീരത്തിന് ഏത് നിറമായാലും, ചിലരുടെ തനിനിറം പുറത്ത് വന്നു.
മോർ പവർ ടു ശാരദ മുരളീധരൻ എന്ന് പറയുന്നില്ല, നല്ല പവർ ഉള്ളത് കൊണ്ട് തന്നെയാണ് അവർ ഈ പദവിയിൽ എത്തിയത്.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചീഫ് സെക്രട്ടറി, നിറത്തിന്റെ പേരിൽ താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. തന്റെയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചാണ് കുറിപ്പ്.
ചീഫ് സെക്രട്ടറി എന്ന നിലയിൽ തന്റെ പ്രവര്‍ത്തന കാലഘട്ടം കറുപ്പും മുന്‍ ചീഫ് സെക്രട്ടറി വി. വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശമെന്ന് അവര്‍ തുറന്നുപറയുന്നു. കറുത്തവളെന്ന മുദ്രകുത്തലിൽ മുമ്പും വളരെ അസ്വസ്ഥയായിരുന്നെന്നും അവർ പറഞ്ഞു.
ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം രാഷ്ട്രീയ, സാമൂഹിക നേതാക്കൾ രംഗത്തെത്തി. ‘കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’ എന്നായിരുന്നു സതീശന്റെ വൈകാരികമായ കുറിപ്പ്.
ഒപ്പം ‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ, നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്, ചർച്ച ചെയ്യപ്പെടേണ്ടതുമാണ്’ എന്നും കൂട്ടിച്ചേർത്തു.
പുരോഗമന കേരളത്തിൽ ചർമത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ലെന്ന് ഊന്നിപ്പറഞ്ഞ് ശാരദ മുരളീധരനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. പ്രതിഷേധങ്ങൾക്ക് കരിങ്കൊടിയാണ് സാധാരണ ഉപയോഗിക്കാറെന്നും ഇത് കറുപ്പ് മോശമാണെന്ന സൂചന സൃഷ്ടിക്കുന്നുണ്ടെന്ന് കെ.കെ. രമ പറഞ്ഞു.
'കറുപ്പിനെ എന്തിനാണ് അധിക്ഷേപിക്കുന്നത്. കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുണ്ട് കറുപ്പിന്. എന്നെ ഏറ്റവും വിഷമിപ്പിച്ചത് ‘കറുപ്പ്’ എന്ന വാക്ക് ഉപയോഗിച്ച രീതിയാണ്. ഒരു നിറമായി മാത്രമല്ല, ലജ്ജിക്കേണ്ടതോ നിരാശപ്പെടേണ്ടതോ ആയ ഒന്നായി കറുപ്പ് ലേബൽ ചെയ്യപ്പെടുന്നു.
ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നു കൂടി ജനിപ്പിക്കുമോ എന്ന് നാലുവയസ്സുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്. മതിയായ നിറമില്ലെന്ന വിശേഷണത്തിലാണ് 50 കൊല്ലമായി ജീവിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി എന്റെ മുൻഗാമിയുമായുള്ള താരതമ്യപ്പെടുത്തലിന്റെ ഘോഷയാത്രയാണ് - ശാരദ മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.