കോട്ടയം: ദലിത് ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കമീഷനെ നിയമിക്കണമെന്നും കമീഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ അവരുടെ ക്ഷേമ-വികസന പ്രവര്‍ത്തനത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ദലിത്-ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റുമായ പി. രാമഭദ്രന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പട്ടികജാതിയില്‍ നിന്നും ക്രിസ്തു മതം സ്വീകരിച്ച ദലിത് ക്രൈസ്തവര്‍ മാത്രമാണ് ഭരണഘടന വിഭാവന ചെയ്ത അവകാശങ്ങളും പരിരക്ഷകളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട ഏക ജനവിഭാഗം. കേരള ജനസംഖ്യയുടെ എട്ട് ശതമാനവും ക്രൈസ്തവജനതയുടെ മഹാഭൂരിപക്ഷവും വരുന്ന ദലിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങളോട് കേരളവും കേന്ദ്രവും മാറി മാറി ഭരിച്ച സര്‍ക്കാരുകളും പൊതുക്രൈസ്തവ സമൂഹവും വിവേചനപരമായാണ് പെരുമാറിയിട്ടുളളത്.
സാമ്പത്തികസംവരണവും ചില വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയും പഠിക്കുന്നതിന് വിവിധ സമിതികളും സവര്‍ണ-സമ്പന്നവിഭാഗങ്ങള്‍ക്ക് വേണ്ടി നിയമിക്കപ്പെടുമ്പോള്‍ സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടിലുളള ദലിത് ക്രൈസ്തവരെ കണ്ടില്ലെന്നു പോലും നടിക്കുന്നത് കടുത്ത വിവേചനമാണ്. വെറും ഒരു ശതമാനം സംവരണമാണ് 8 ശതമാനം ജനസംഖ്യയുളള ദലിത് ക്രൈസ്തവര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയാധികാരവും ദലിത് ക്രൈസ്തവര്‍ക്ക് ലഭിക്കാറില്ല. രാജഭരണകാലത്ത് ശ്രീമൂലം പ്രജാസഭയില്‍ പാമ്പാടി എന്‍. ജോണ്‍ ജോസഫും കേരള കോണ്‍ഗ്രസിന്‍റെ എം.എല്‍.എ മാരായി പി. ചാക്കോയും പി.എം. മര്‍ക്കോസും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതു ഒഴിവാക്കിയാല്‍ എടുത്തുപറയത്തക്ക മറ്റൊരു അധികാരവും ദലിത് ക്രൈസ്തവര്‍ക്ക് നല്‍കിയിട്ടില്ല.
കണ്ടാല്‍ തിരിച്ചറിയുന്നവരെയെല്ലാം കോണ്‍ഗ്രസ് ഭാരവാഹികളാക്കിയിട്ടും ദലിതര്‍ക്കും ആദിവാസികള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ല. പുനസംഘടനയിലും ദലിത് ക്രൈസ്തവരെ പൂര്‍ണ്ണമായും തഴഞ്ഞു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിതിയും മറിച്ചല്ല. ബി.ജെ.പി ഒഴികെയുളള മിക്ക രാഷ്ട്രീയപാര്‍ട്ടികളും 1996 മുതല്‍ പ്രകടനപത്രികകളില്‍ ദലിത് ക്രൈസ്തവര്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഒന്നും തന്നെ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സവര്‍ണരുടെയും സമ്പന്നരുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടി നിയമനിര്‍മ്മാണത്തിനു നിലവിലുളള ചട്ടങ്ങള്‍ പോലും ബാധകമാക്കിയില്ല. എന്നാല്‍ ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കാന്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1996 ല്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ ശ്രമിച്ചു. പക്ഷെ അന്നത്തെ ലോകസഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ തടസ്സവാദം പറഞ്ഞ് ഒഴിവാക്കി. ഓര്‍ഡിനന്‍സ് ഇറക്കാന്‍ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയും അനുകൂലിച്ചില്ല.
വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തികരംഗങ്ങളില്‍ ഇപ്പോഴും കടുത്ത വിവേചനം അനുഭവിക്കുന്ന ദലിത് ക്രൈസ്തവരുടെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിട്ടുണ്ടെന്നും രാമഭദ്രൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.