തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കോവിഡ് വാക്സിന് ടോക്കൺ എങ്കിലും വയ്ക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാക്സിൻ സൗജന്യമെങ്കിൽ തുക വകയിരുത്തേണ്ടതായിരുന്നു. പണമുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാടെങ്കിൽ വാക്സിൻ വാങ്ങണമെന്നും ചെന്നിത്തല പറഞ്ഞു. സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സമ്പൂർണ ലോക്ഡൗണിനോട് യു.ഡി.എഫിന് താൽപര്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു. ലോക്ക്ഡൗണ്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കും. അത് കേരളത്തിന് താങ്ങാന്‍ കഴിയുമോയെന്ന് സംശയമുണ്ട്.
വാരാന്ത്യ ലോക്ഡൗൺ പോലെയുള്ള നിയന്ത്രണങ്ങൾ സ്വീകാര്യമാണ്. കണ്ടെയ്ൻമെന്‍റ് സോണ്‍ വേണ്ടിടത്ത് അത് നടപ്പാക്കണം. ചെറുകിട ഫാക്ടറികള്‍, കച്ചവടക്കാര്‍ അടക്കം സാധാരണ ജനങ്ങളുടെ ജീവിതം കൂടി കണക്കിലെടുക്കണം. കടകളുടെ സമയം രാത്രി ഒമ്പത് മണിയാക്കിയാൽ തിരക്ക് കുറയും. ബാക്കിയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരാണ് പറയേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള വിജയാഹ്ലാദം മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.