അച്ഛന്‍റെ ആദര്‍ശം കൈവിടാതെ ജീവിക്കാന്‍ ആ കുഞ്ഞുങ്ങള്‍ക്കാകട്ടെ; വൈകാരിക കുറിപ്പുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ.ഡി.എം നവീന്‍ബാബുവിന്‍റെ കുടുംബത്തെ കുറിച്ച് ഹൃദയഭേദകമായ കുറിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കത്തുന്ന ചിതക്കരികില്‍ കണ്ണീരു വറ്റാതെ നില്‍ക്കുന്ന രണ്ടു മക്കളുടെയും ഒരമ്മയുടെയും കാഴ്ച മനസില്‍ നിന്നു മറയുന്നില്ലെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഇരിക്കുന്ന നവീന്‍ ബാബുവിന്റെ ചിത്രവും ചെന്നിത്തല പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ‘അച്ഛന്‍ ജീവിച്ചു മരിച്ച അതേ ആദര്‍ശം കൈവിടാതെ ജീവിക്കാന്‍ ആ കുഞ്ഞുങ്ങള്‍ക്കാകട്ടെ എന്ന പ്രാര്‍ഥന മാത്രം. പകയുടേതല്ല, മാനവികതയുടേതാണ് ലോകമെന്നറിഞ്ഞു വളരാനാകട്ടെ എന്ന പ്രതീക്ഷ മാത്രം’ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

രമേശ ചെന്നിത്തലയുടെ പോസ്റ്റിന്‍റെ പൂർണ രൂപം;

കത്തുന്ന ചിതയ്ക്കരികില്‍ കണ്ണീരു വറ്റാതെ നില്‍ക്കുന്ന രണ്ടു മക്കളുടെയും ഒരമ്മയുടെും കാഴ്ച മനസില്‍ നിന്നു മറയുന്നില്ല. കളങ്കരഹിതമായ സര്‍വീസ് എന്ന സുദീര്‍ഘമായ യാത്രയുടെ പടിക്കല്‍ അത്രയും കാലത്തെ സല്‍പേരു മുഴുവന്‍ തച്ചുടച്ചു കളഞ്ഞ ഒരു ധാര്‍ഷ്ട്യത്തോട് നിശബ്ദമായി മരണം കൊണ്ടു മറുപടി പറഞ്ഞ ഒരു മനുഷ്യന്‍ ഒരു നാടിന്റെ വേദനയാണിന്ന്. അതുകൊണ്ടു തന്നെയാണ് മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ വീട്ടിലേക്ക് ഐക്യദാര്‍ഢ്യത്തിന്റെ ഒരു മനുഷ്യനിര തന്നെ എത്തിച്ചേര്‍ന്നത്, ആ വീടിന്റെ വേദനയോട് ഐക്യപ്പെട്ടത്, അവരുടെ കണ്ണീര്‍ തങ്ങളുടെയും കണ്ണീരാക്കിയത്.

ആദര്‍ശത്തിനും അഭിമാനത്തിനും വേണ്ടി ജീവന്‍ കൊടുത്ത ഒരച്ഛന്റെ മക്കളാണവര്‍. അവരുടെ കണ്ണുനീര്‍ ഇന്ന് കേരളത്തെ ചുട്ടുപൊളളിക്കുന്നുണ്ട്. നവീന്‍ ബാബുവിനു മരണത്തിന്റെ വഴി കാട്ടിക്കൊടുത്ത ധാര്‍ഷ്ട്യത്തിന്റെ അടിവേരില്‍ ആസിഡ് പോലെ വീണു പുകയുന്നുണ്ട്. എന്തിനായിരുന്നു ഇതെല്ലാം. ആര് എന്ത് നേടി... ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നോർക്കുക.

ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു. പകയുടെയും പകരം ചോദിക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. കനല്‍പഴുപ്പിച്ച വാക്കുകള്‍ നെഞ്ചിലേക്കു കുത്തിയിറക്കി ഒരു മുഴം കയറിലേക്ക് മനുഷ്യനെ നടത്തുന്ന രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ അടിസ്ഥാനപരമായി മനുഷ്യസ്‌നേഹിയാകണം. മാനവികതയുടെ പക്ഷത്തു നിന്നാണ് അയാളുടെ ആശയങ്ങള്‍ക്കു വേണ്ടി പൊരുതേണ്ടത്. മാനവികത നഷ്ടപ്പെട്ട ആശയങ്ങള്‍ ഒറ്റ നീരുറവ പോലുമില്ലാത്ത മരുഭൂമികളാണ്. ഇങ്ങനെയല്ല ഒരാളിന്റെ വാക്കുകള്‍ അപരന് സംഗീതമാകേണ്ടത്.

അച്ഛന്‍ ജീവിച്ചു മരിച്ച അതേ ആദര്‍ശം കൈവിടാതെ ജീവിക്കാന്‍ ആ കുഞ്ഞുങ്ങള്‍ക്കാകട്ടെ എന്ന പ്രാര്‍ഥന മാത്രം. പകയുടേതല്ല, മാനവികതയുടെതാണ് ലോകമെന്നറിഞ്ഞു വളരാനാകട്ടെ എന്ന പ്രതീക്ഷ മാത്രം!

Tags:    
News Summary - Ramesh Chennithala with an emotional note on Naveen Babu's Family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.