ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന് വധക്കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരു പ്രതി കൂടി അറസ്റ്റിൽ. ജില്ല പൊലീസ് മേധാവി ജി. ജയദേവിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
എസ്.ഡി.പി.ഐ-പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാളെ എറണാകുളത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പ്രതിയെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല. ഇതോടെ കൊലപാതകത്തില്‍ പങ്കെടുത്ത ഒമ്പതുപേര്‍ പിടിയിലായതായും ശേഷിക്കുന്ന മൂന്നുപേര്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ സംഘത്തിന് നേതൃത്വം നല്കുന്ന ഡിവൈ.എസ്.പി എന്‍.ആര്. ജയരാജ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കൊലപാതക കൃത്യത്തില്‍ പങ്കെടുത്ത പ്രതികളില്‍ ഒരു സംഘത്തെ കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ അടുത്തദിവസം തന്നെ ബന്ധുക്കള്‍ക്ക് മുന്നിലെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. രഞ്ജിത്ത് കൊലപാതകത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇതിനകം 15 പേര് പിടിയിലായിട്ടുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളെക്കൂടി പിടികൂടുന്നതോടെ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.