ഓച്ചിറ: റേഷൻകടകളിൽനിന്നുള്ള ബില്ലിൽ കേരള സർക്കാർ മുദ്ര പുറത്ത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയുടെ ലോഗോയാണ് ഇ-പോസ് മെഷീനിൽനിന്നുള്ള പുതിയ ബില്ലിൽ പ്രിന്റ് ചെയ്ത് വരുന്നത്. ജൂൺ ഒന്നിന് രാവിലെ ഇ-പോസ് മെഷീൻ തുറന്നപ്പോൾ സോഫ്റ്റ്വെയർ അപ്ഡേഷനുള്ള നിർദേശം റേഷൻ കട ഉടമകൾക്ക് ലഭിച്ചിരുന്നു. നിർദേശം പാലിച്ച് അപ്ഡേഷന് ശ്രമിച്ചെങ്കിലും ഭൂരിഭാഗം കടകളിലും നടന്നില്ല.
സോഫ്റ്റ്വെയർ അപ്ഡേഷൻ നടന്നവർക്ക് ലഭിച്ച ബില്ലിലാണ് കേരള സർക്കാർ മുദ്രക്ക് പകരം പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ലോഗോയുമുണ്ട്. റേഷൻ വിതരണത്തിലെ കേന്ദ്ര സർക്കാർ വിഹിതവും സാന്നിധ്യവും ഉപഭോക്താക്കളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബില്ലിലെ മുദ്രമാറ്റമത്രെ.
തിരുവനന്തപുരം: സോഫ്റ്റ്വെയർ, ബില്ലിങ് അപ്ഡേഷനെ തുടർന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച റേഷൻ വിതരണം ഭാഗികമായി സ്തംഭിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സിഡിയടക്കമുള്ള തുകയുടെയും വിവരങ്ങൾ ബില്ലിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള തടസ്സമാണ് ഈ മാസം ആദ്യദിനം തന്നെ കാർഡുടമകളെ വലച്ചത്.
ഇത്തരത്തിലുള്ള അപ്ഡേഷൻ പലപ്പോഴായി നടത്താറുണ്ടെങ്കിലും വിതരണത്തെ ബാധിക്കുന്നത് ആദ്യമാണെന്ന് റേഷൻവ്യാപാരികൾ ആരോപിച്ചു. സാങ്കേതിക പ്രശ്നങ്ങൾ രണ്ടുദിവസം കൂടി തുടരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. അപ്ഡേഷൻ നടത്തുമ്പോൾ റേഷൻകടകൾക്ക് അവധി നൽകി വിതരണത്തിൽ ക്രമീകരണം നടത്തണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.