മോദിയുടെ വിദ്വേഷം പരത്തൽ തെരഞ്ഞെടുപ്പ് പരാജയ ഭീതിയിൽ -റസാഖ് പാലേരി

കോഴിക്കോട്: പത്ത് വർഷം ഭരിച്ചിട്ടും പ്രത്യേകിച്ച് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്ത നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ തീവ്രമായ വിദ്വേഷ പ്രചാരണം നടത്തി ധ്രുവീകരണത്തിലൂടെ വോട്ട് നേടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന വിഷ പ്രചാരണം നടത്തിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കാൻ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തയ്യാറാകണം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വെറുപ്പ് ഉത്പാദിപ്പിക്കുന്നതിൽ മാത്രമാണ് ബി.ജെ.പി നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചും നുണകൾ പ്രചരിപ്പിച്ചും ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കി നേട്ടം കൊയ്യാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമാണ് ഇന്നലെ രാജസ്ഥാനിലെ ബൻസ്വാരയിൽ മോദി നടത്തിയ വിദ്വേഷ പ്രസംഗം.

40 ശതമാനം സമ്പത്തും മോദിയുടെ കോർപറേറ്റ് ചങ്ങാതിമാർ കയ്യടക്കിവെച്ചിരിക്കുന്ന ഇന്ത്യയിൽ, അങ്ങേയറ്റം പിന്നാക്കാവസ്ഥയിൽ കഴിയുന്ന മുസ്ലിം വിഭാഗം തങ്ങളുടെ സമ്പത്ത് കവരും എന്ന ഭീതി ഇതര ജനവിഭാഗങ്ങളിൽ നിന്ന് വോട്ട് തട്ടാൻ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്ന ഒരാൾ ശ്രമിക്കുന്നത് എത്രമാത്രം അപഹാസ്യമാണ്. ഈ രാജ്യത്തെ മുഴുവൻ മനുഷ്യരുടെയും പ്രധാനമന്ത്രിയാണ് താനെന്നത് മറന്നാണ് ഒരു ജനവിഭാഗത്തിനെതിരെ വെറുപ്പിന്റെ വാക്കുകൾ അദ്ദേഹം പുറപ്പെടുവിക്കുന്നത്. രാജ്യ ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയാണ് താൻ എന്ന് മോദി തെളിയിച്ചിരിക്കുന്നു.

തെരഞ്ഞെടുപ്പ് റാലിയിൽ മുസ്‌ലിം ആരാധനാലയത്തിന് നേരെ ഭീഷണിയുടെ ആംഗ്യം കാണിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയെയും ഈ തെരഞ്ഞെടുപ്പ് കാലയളവിൽ ജനങ്ങൾ കണ്ടു. ഈ ഇലക്ഷൻ ഇന്ത്യയെ വീണ്ടെടുക്കാൻ ഉള്ളതാണ് എന്ന ബോധ്യം ഓരോ ദിവസവും ഉറപ്പിക്കുന്നതാണ് ഇത്തരം സംഭവ വികാസങ്ങൾ. പ്രതിപക്ഷ നേതാക്കൾക്കെതിരെ നിസാരമായ കാര്യങ്ങൾക്ക് പോലും താക്കീതും നടപടികളും എടുക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ, പച്ചക്ക് വർഗീയത പരത്തുന്ന ഉന്നത ബി.ജെ.പി നേതാക്കൾക്കെതിരെയുള്ള നടപടികളിൽ കാണിക്കുന്ന അലസത പക്ഷപാതപരമാണ്. ഇത് നല്ല സന്ദേശമല്ല നൽകുന്നത്. ഇത്തരം വിദ്വേഷപ്രചാരണങ്ങൾക്കെതിരെ നൽകുന്ന പരാതിയിൽ നീതിയുക്തമായ കർശന നടപടികൾ കൈക്കൊള്ളാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Razak Paleri about Modi govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.