തിരുവനന്തപുരം: രഹസ്യരേഖയെന്ന് വാദിച്ച് ഇതുവരെ പൂഴ്ത്തിെവച്ചിരുന്ന സിൽവർ ലൈൻ വിശദ പദ്ധതിരേഖ സർക്കാർ പുറത്തുവിട്ടത് നിവൃത്തിയില്ലാതെ. പ്രതിരോധ-സാമ്പത്തിക-സാങ്കേതികരേഖ എന്ന് വാദമുയർത്തിയാണ് രേഖ സർക്കാർ പിടിച്ചുെവച്ചത്. വിവരാകാശ കമീഷണർ പോലും ഈ വാദം ഉയർത്തിയിരുന്നു. എന്നാൽ അവകാശലംഘന നോട്ടീസും കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന ഉപദേശവുമാണ് ഡി.പി.ആർ പുറത്തുവിടാൻ സർക്കാറിനെ നിർബന്ധിതമാക്കിയത്.
രാഷ്ട്രീയസമ്മർദത്തിനൊടുവിൽ അപ്രതീക്ഷിതമായി ഡി.പി.ആർ പരസ്യപ്പെടുത്തുകയായിരുന്നു. അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ നൽകിയ ചോദ്യത്തിനുള്ള മറുപടിയിൽ പദ്ധതിരേഖകൂടി നൽകുന്നുവെന്ന് വ്യക്തമാക്കിയിരുെന്നങ്കിലും നൽകിയിരുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നൽകിയതിന് തൊട്ടുപിറകെയാണ് രേഖ പുറത്തുവന്നത്. പ്രതിരോധരഹസ്യങ്ങൾ ഉൾപ്പെട്ട രേഖയെന്ന് വിശേഷിപ്പിച്ച് സർക്കാർ ഡി.പി.ആർ മറച്ചുെവച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പരിസ്ഥിതിക്ക് ദോഷമില്ലെന്ന് മാത്രമല്ല, വലിയ ഗുണമുണ്ടാകുമെന്നും പരിസ്ഥിതിയെ ബാധിക്കുന്ന ഒന്നും സർക്കാർ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പൗരപ്രമുഖരുടെ യോഗത്തിലടക്കം വിശദീകരിച്ചിരുന്നു. എന്നാൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നിർമാണ ഘട്ടത്തിൽ വഴിയൊരുക്കുമെന്നാണ് പദ്ധതി രേഖ വിശദമാക്കുന്നത്. പദ്ധതിയെക്കുറിച്ച ഇതുവരെ ഉയർന്ന ആശങ്കകൾ സാധൂകരിക്കുന്നതാണ് പദ്ധതിരേഖയെന്ന് സമരസമിതിയും പ്രതിപക്ഷവും പറയുന്നു. നിർമാണഘട്ടത്തിൽതന്നെ പ്രളയഭീഷണിക്ക് വഴിവെക്കുന്ന പദ്ധതി പ്രളയസാധ്യതാ മേഖലകളിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ശ്രദ്ധേയം. മധ്യകേരളത്തിൽ നിന്നാണ് ആവശ്യമായ പാറയും മണ്ണും പദ്ധതിക്ക് ലഭ്യമാക്കുകയെന്ന് പദ്ധതി രേഖ പറയുന്നു. എന്നാൽ കടുത്ത പരിസ്ഥിതിപ്രശ്നങ്ങൾ നേരിടുന്നതും ഈ മേഖലയിലാണ്. വിശദ പദ്ധതിരേഖ ജനങ്ങളുടെ മുന്നിലെത്തിയ സാഹചര്യത്തിൽ പദ്ധതിയുടെ ആഴത്തിലുള്ള ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.