‘ആർക്കെതിരെയാണ് വിവേചനം, ആരാണ് പരാതിപ്പെട്ടത് എന്നറിയണം’; റിപ്പോർട്ട് വിശദമായി പഠിച്ചിട്ട് മറുപടി പറയാമെന്ന് ‘അമ്മ’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് വിശദമായി പഠിച്ചിട്ട് മറുപടി പറയാമെന്ന് താരസംഘടന ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദീഖ്. ആർക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.

ഏത് കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിന് കൃത്യമായ ധാരണയില്ല. രണ്ട് ദിവസമായി അമ്മയുടെ ഒരു ഷോയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. റിപ്പോർട്ട് വിശദമായിട്ട് പഠിച്ചിട്ട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നതിനെപ്പറ്റി തീരുമാനമെടുക്കാം. മറ്റ് സംഘടനകളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. വളരെ സെൻസിറ്റീവ് ആയ വിഷയമാണ്. അറിയാതെ ഒരു വാക്ക് പറഞ്ഞാൽ പോലും ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടാകുമെന്നും സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു.

ആർക്കെതിരെയാണ് വിവേചനം, ഏത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടത്, ആർക്കെതിരെയാണ് പരാതി എന്നൊക്കെ വിശദമായി പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയിൽ വനിതകൾ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായി തുറന്നുപറയുന്നുണ്ട്. നടി രഞ്ജിനിയുടെ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് റിപ്പോർട്ട് പറയുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവർക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. ചൂഷണം ചെയ്യുന്നവരിൽ പ്രമുഖ നടന്മാരുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റി 2019 ഡിസംബർ 31ന് സർക്കാറിനു റിപ്പോർട്ട് കൈമാറിയിരുന്നു. ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്.

Tags:    
News Summary - Reply after studying the report in detail -AMMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.