ചലച്ചിത്ര അക്കാഡമിയുടെ ബില്ലുകളിലും വൗച്ചറുകളിലും അപാകതകളെന്ന് റിപ്പോർട്ട്

കോഴിക്കോട് : കേരള ചലച്ചിത്ര അക്കാഡമിയുടെ 2015-16 മുതൽ 2017-18 വരെയുള്ള കാലയളവിലെ കണക്കുകൾ ഭൂരിഭാഗവും അപാകതകൾ നിറഞ്ഞതും ഭാഗികവും ആണെന്ന്  ധനകാര്യ റിപ്പോർട്ട്. ബില്ലുകൾ, വൗച്ചറുകൾ, അക്കൗണ്ട്സ് സ്റ്റേറ്റ് മെന്റ്‌സ്, നടപടിക്രമങ്ങൾ  തുടങ്ങിയവയാണ് പരിശോധിച്ചത്. അക്കാദമിയിൽ നിലവിൽ 10 ബാങ്ക് അക്കൗണ്ടുകളിലായി 4,41,54,848 രൂപ അവശേഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ബജറ്റ് വിഹിതം അനുവദിക്കുമ്പോൾ മുൻപ് അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച് സാംസ്കാരിക വകുപ്പ് വിശദമായ പരിശോധന നടത്തുകയും വിനിയോഗ സർട്ടിഫിക്കറ്റിന്റെയും, എക്സ്പെൻഡിച്ചർ സ്റ്റേറ്റ്‌മെൻ്റിന്റെയും അടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ട ആവശ്യങ്ങൾക്ക് മാത്രം തുക അനുവദിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

ചലച്ചിത്ര അക്കാഡമിയുടെ അക്കൗണ്ടുകൾ കേരള സംസ്ഥാന ആഡിറ്റ് വകുപ്പിനെകൊണ്ട് ആഡിറ്റ് നടത്തുന്നതിന് ഭരണ വകുപ്പ് നടപടി സ്വീകരിക്കണം. സെക്രട്ടറി നടത്തുന്ന അക്കാഡമിയുടെ സാമ്പത്തിക ഇടപാടുകൾ പൂർണമായും സ്ഥിരം/അന്യത്ര സേവനത്തിനുള്ള ജീവനക്കാർ കൈകാര്യം ചെയ്യണം. സർക്കാർ നിയോഗിച്ചിട്ടുള്ള ട്രഷറർ/പ്രൊജക്റ്റ് മാനേജർ ഫിനാൻസ് എന്നിവരുടെ അംഗീകാരത്തോടെ മാത്രം ചെലവുകൾ നടത്തുകയും പ്രതിമാസ ചെലവു വിവരങ്ങൾ സാംസ്കാരിക വകുപ്പിന് നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

സർക്കാർ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമുള്ള അക്കൗണ്ട് ബുക്കുകൾ, ക്യാഷ് ബുക്ക്, രജിസ്റ്ററുകൾ എന്നിവ പ്രതിദിനം എഴുതി സൂക്ഷിക്കണം. അക്കാഡമി ട്രഷറർ പ്രതിദിനം ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള അക്കൗണ്ടുകൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

മുൻകാലങ്ങളിലെ അക്കാഡമിയിൽ ട്രഷറർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിൽ സേവനമനുഷ്ഠിച്ചിരുന്ന ഓഫീസർമാർ അതിൽ അപാകത കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്തിരുന്നില്ല. പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന വൈ.മുഹമ്മദ് റിജാം 2018 ജനുവരി 27ന് അക്കാഡമിയിൽ ട്രഷറർ ആയി ചുമതലയേറ്റു. അദ്ദേഹം നടത്തിയ പരിശോധനയിലാണ് അക്കാഡമിയിൽ സർക്കാർ ചട്ടങ്ങൾ പ്രകാരം സൂക്ഷിക്കേണ്ടിയിരുന്ന രജിസ്റ്ററുകൾ തയാറാക്കി സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം അക്കാഡമി സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി. അക്കാലത്ത് അക്കാഡമിയുടെ വരവ് ചെലവ് കണക്കുകൾ ടാലി സിസ്റ്റത്തിൽ രേഖപ്പെടുത്തകയാണ് ചെയ്തിരുന്നത്.

സർക്കാർ ചട്ടങ്ങൾ പ്രകാരം സൂക്ഷിക്കേണ്ട പെയ്മെന്റ്റ് വൗച്ചറുകൾ, രജിസ്റ്ററുകൾ, ക്യാഷ് ബുക്ക് തുടങ്ങിയവ 2017-18 വർഷത്തിൽ തയാറാക്കി സൂക്ഷിച്ചിട്ടില്ലെന്ന് മുഹമ്മദ് റിജാം സെക്രട്ടറിക്ക് നോട്ട് നൽകി. 2017-18 സാമ്പത്തിക വർഷത്തെ വാർഷിക അക്കൗണ്ട്സ് തയാറാക്കുന്നതിന് 2018 ജനുവരി 26 വരെ നടത്തിയ ഏകദേശം ഏഴ് കോടിയിൽ പരം രൂപയുടെ ചെലവിന് ആസ്പദമായ പെയ്മെൻ്റ് വൗച്ചറുകൾ തയാറാക്കുകയോ റിക്കോർഡ് കീപ്പർ വശം സൂക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല.

ഈ കാലയളവിൽ ട്രഷറർ ആയി സേവനമനുഷ്ടിച്ചിരുന്ന പൊതുമരാമത്ത് വകുപ്പിലെ അണ്ടർ സെക്രട്ടറി സുൾഫിക്കർ റഹ്മാനോട് ഇത് തയാറാക്കി നൽകുവാൻ അക്കാഡമി സെക്രട്ടറി ആവശ്യപ്പെട്ടു. ഇക്കാലയളവിൽ പ്രോഗ്രാം മാനേജർ എം. രാധാകൃഷ്ണൻ, അക്കൗണ്ടന്റ്റ് ആയിരുന്ന പത്മകുമാർ എന്നിവരോടും സെക്രട്ടറി ഇക്കാര്യം ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം അക്കാഡമിയിൽ അക്കൗണ്ടൻറായി സേവനമനുഷ്ഠിച്ചിരുന്ന പത്മകുമാർ ഇടവിട്ട ദിവസങ്ങളിൽ അക്കൗണ്ടുകൾ ക്രമപ്രകാരമാക്കുന്നതിന് പരിശ്രമം നടത്തി. പ്രോഗ്രാം മാനേജർ ആയിരുന്ന എം. രാധാകൃഷ്ണൻ തനിക്ക് അസൗകര്യമാണെന്നറിയിച്ചു.

അക്കാഡമിയുടെ 2015-16, 2016-17, 2017-18 വർഷങ്ങളിലെ വാർഷിക അക്കൗണ്ടുകൾ തയാറാക്കുന്നതിനും ഓഡിറ്റ് നടത്തുന്നതിനും രജ്ഞിനി കാർത്തികേയൻ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തെ നിയോഗിച്ചു. അവരുടെ പരിശോധനയിൽ ഓഡിറ്റ് കാലയിളവിലെ പേയ്മെൻ്റ് വൗച്ചറുകൾ പൂർണമല്ലെന്ന് കണ്ടെത്തി. ഇതിൽ തന്നെ 2017 ഏപ്രിൽ മുതൽ 2018 ജനുവരി വരെയുള്ള കാലയളവിലെ പെയ്മെന്റ്റ് വൗച്ചറുകളും റസീപ്റ്റ് വിവരങ്ങളും തയാറാക്കിയിരുന്നില്ലെന്നും കണ്ടെത്തി. അക്കൗണ്ടുകൾ യഥാവിധി ഫയൽ ചെയ്യുന്നില്ല. ഈ വിഷയത്തിന്റെ ഗൗരവസ്ഥിതി കണക്കിലെടുത്ത് ടാലി സമ്പ്രദായത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന അക്കൗണ്ട് വിവരങ്ങൾ പേപ്പർ ബുക്ക് രീതിയിൽ തയാറാക്കുന്നതിന് 2018 ജൂലൈ 11ന് ചേർന്ന അക്കാഡമി എക്സിക്യൂട്ടീവ് കമ്മിറ്റി റിട്ടയറ്റേർഡ് ജില്ലാ ട്രഷറി ഓഫീസർ മോഹനചന്ദ്രൻ നായരെ ചുമതലപ്പെടുത്തി. തുടർന്നാണ് ധനകാര്യ പരിശോധന വിഭാഗം പരിശോധന നടത്തിയത്. 

Tags:    
News Summary - Reported irregularities in bills and vouchers of the film academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.