എം.എൽ.എ സ്ഥാനം രാജിവെക്കാനുള്ള ആഗ്രഹം നേരത്തെ അറിയിച്ചതാണ്, പാർട്ടിയെ പ്രതിസന്ധിയിലാക്കുക ലക്ഷ്യമല്ല -എ.കെ. ശശീന്ദ്രൻ

കോഴിക്കോട്: എൻ.സി.പിക്ക് പുതിയ മന്ത്രിയെ തീരുമാനിച്ച പശ്ചാത്തലത്തിൽ തന്നെ എം.എൽ.എ സ്ഥാനത്തുനിന്ന് രാജിവെക്കാൻ അനുവദിക്കണമെന്ന് എ.കെ. ശശീന്ദ്രൻ. രാജിവെക്കാൻ ആരും ആവശ്യപ്പെട്ടതല്ലെന്നും താൻ ഇക്കാര്യം നേരത്തെ അങ്ങോട്ട് പറഞ്ഞതാണെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ശശീന്ദ്രന് പകരം കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാണ് എൻ.സി.പി തീരുമാനം. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമാണ്.

'പാർലമെന്‍ററി സ്ഥാനത്തുനിന്ന് മാറിനിന്ന് സംഘടനാപ്രവർത്തനത്തിൽ സജീവമാകാനാണ് താൽപര്യം. അതിനായി രാജിവെക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഇത് പാർട്ടിയെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമായി കാണരുത്. മന്ത്രിസ്ഥാനത്തുനിന്ന് മാറാൻ എന്നോട് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. സംഘടനാരംഗത്ത് സജീവമാകാൻ പാർലമെന്‍ററി രംഗത്തുനിന്ന് സന്തോഷകരമായ ഒരു പിന്മാറ്റമാണ് ഞാൻ ആഗ്രഹിക്കുന്നത്. പാർട്ടിയുമായി ഏതെങ്കിലുമൊരു അഭിപ്രായവ്യത്യാസം കാരണമല്ല ഇത്. സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയോ തോമസ് കെ. തോമസോ എനിക്ക് വിഷമമുണ്ടാക്കുന്ന ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്തതായി ശ്രദ്ധയിൽപെട്ടിട്ടില്ല. രാജിവെച്ചാലുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പിന്നീട് ചർച്ച ചെയ്യേണ്ടതാണ്. രാജിക്കുള്ള ആഗ്രഹം മാസങ്ങൾക്ക് മുന്നേ പാർട്ടിയോട് പറഞ്ഞതാണ് -ശശീന്ദ്രൻ വ്യക്തമാക്കി.

അതേസമയം, മന്ത്രിസ്ഥാനത്തുനിന്ന് തന്നെ മാറ്റുന്നത് തടയാനുള്ള സമ്മർദ തന്ത്രമായാണ് ശശീന്ദ്രന്‍റെ രാജി ആവശ്യത്തെ എൻ.സി.പിയിലെ തന്നെ ഒരു വിഭാഗം കാണുന്നത്. മന്ത്രി സ്ഥാനം രാജിവെക്കാൻ എ.കെ. ശശീന്ദ്രന് മേൽ സമ്മർദമേറുകയാണ്. ശശീന്ദ്രൻ രാജിവെക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെയും നിലപാട്. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വവുമായി ശരദ് പവാർ ആശയവിനിമയം നടത്തിയതായാണ് വിവരം. ഇതേത്തുടർന്ന്, സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ, തോമസ് കെ. തോമസ് എം.എല്‍.എ തുടങ്ങിയ നേതാക്കൾ പവാറിനെ കാണാനായി മുംബൈയിലേക്ക് പോകുന്നത് ഒഴിവാക്കി.

മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതിന് തടയിടാന്‍ ശശീന്ദ്രന്‍ വിഭാഗത്തിലെ മൂന്നു മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ആഴ്ച ശരത് പവാറിനെ കണ്ടിരുന്നു. മന്ത്രിസ്ഥാന മാറ്റത്തില്‍ അന്തിമ തീരുമാനം ദേശീയ അധ്യക്ഷന്‍ ശരത് പവാറാണ് കൈക്കൊള്ളേണ്ടത്. നേരത്തെ, എന്‍.സി.പിയുടെ മന്ത്രി സ്ഥാനം തീരുമാനിക്കുമ്പോള്‍ രണ്ടര വര്‍ഷം തോമസ് കെ. തോമസിന് നല്‍കാം എന്ന ധാരണ ഉണ്ടായിരുന്നുവെന്നാണ് തോമസ് കെ. തോമസ് പക്ഷം വാദിക്കുന്നത്. എന്നാല്‍ ആ ധാരണ ഇല്ല എന്ന മറുവാദത്തിലാണ് എ.കെ. ശശീന്ദ്രന്‍ പക്ഷം.

Tags:    
News Summary - Resignation in already decided aim is not to put the party in crisis - AK Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-05 07:13 GMT