റോഡ്​ സുരക്ഷ: വേണ്ടത്​ നാല്​ ഓഡിറ്റ്​, എല്ലാം ചടങ്ങ്​ മാത്രം

തിരുവനന്തപുരം: റോഡ്​ നിർമാണത്തിലും വികസനത്തിലും സുരക്ഷ മുൻനിർത്തി നാല്​ ഓഡിറ്റുകൾ നിഷ്കർഷയാണെങ്കിലും അധികൃതരുടെ ഭാഗത്ത്​ നിന്നുണ്ടാകുന്നത്​ ഗുരുതര വീഴ്ച. പുതിയ റോഡ് വിഭാവനം ചെയ്യു​മ്പോഴും നവീകരിക്കുമ്പോഴും സുരക്ഷ മുന്‍നിര്‍ത്തിയുള്ള ഇന്ത്യൻ റോഡ്​ കോൺഗ്രസിന്‍റെ ഈ നാല്​ ഓഡിറ്റ്​ നിർദേശങ്ങളും ചടങ്ങാകുകയാണ്​. പ്രാദേശികമായ പരിശോധനയോ ചർച്ചകളോ ഇല്ലാതെ അശാസ്ത്രീയമായാണ് പലയിടത്തെയും രൂപകൽപന. ഓഡിറ്റിങ്ങിലൂടെ നൽകുന്ന നിർദേശങ്ങളാകട്ടെ കടലാസിലൊതുങ്ങുകയും ചെയ്യുന്നു.

ഓഡിറ്റ് ഒന്ന്: പ്രവൃത്തികൾക്കു​ മുമ്പ്​​ സുരക്ഷ ഓഡിറ്റ്​ നടത്തി വീതിയില്ലാത്ത പാലങ്ങള്‍, വളവുകള്‍, കയറ്റം, ഇറക്കം, ഇടുങ്ങിയ ഭാഗങ്ങള്‍ എന്നിവ സുരക്ഷിതമാക്കാനുള്ള മാര്‍ഗനിർദേശങ്ങൾ കൃത്യമായി നിഷ്കർഷിക്കുക.

ഓഡിറ്റ് രണ്ട്: നിർമാണ വേളയിൽ ഓഡിറ്റ് ഒന്നിലെ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്തുക. ഈ സമയത്ത് സ്വീകരിക്കേണ്ട ക്രമീകരണങ്ങളും നിർദേശിക്കും. ഓഡിറ്റ് മൂന്ന്: നിര്‍മാണം പൂര്‍ത്തിയാക്കിയശേഷമുള്ള സുരക്ഷ വിലയിരുത്തലുകൾഓഡിറ്റ് നാല്: ഗതാഗതത്തിനായി റോഡ് തുറന്നശേഷം പ്രശ്​നങ്ങൾ വിലയിരുത്തുക, പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുക.

ദേശീയപാത അതോറിറ്റിക്ക്​ ഓഡിറ്റിനായി എംപാനൽ ചെയ്ത ഏജൻസികളുണ്ട്​. അതേസമയം സുരക്ഷ ഓഡിറ്റ്​ വ്യവസ്ഥകളുണ്ടെങ്കിലും അപകടങ്ങൾ കൂടുതലായി റിപ്പോർട്ട്​ ചെയ്യുന്ന സ്ഥലങ്ങളിൽ ഹമ്പ്​ സ്ഥാപിക്കലും വീതി കൂട്ടലുമാണ്​ പ്രധാനമായും സംസ്ഥാനത്തെ പ്രധാന പരിഹാര നിർദേശങ്ങൾ. ഭൂരിഭാഗം റോഡുകളുടെയും ചുമതലയുള്ള മരാമത്ത്​ വകുപ്പിലും തദ്ദേശ വകുപ്പിലും വളരെ കുറച്ച്​ ഉദ്യോഗസ്ഥർക്ക്​ മാത്രമാണ്​ റോഡ്​ സുരക്ഷ നടപടികളിൽ പരിശീലനം ലഭിച്ചിട്ടുള്ളത്​. 

ബ്ലാക്ക്​ സ്​പോട്ട്​ 374, ക്ലസ്റ്ററുകൾ 3117

പതിവായി അപകടങ്ങളുണ്ടാകുന്ന മേഖലകളെ ബ്ലാക്ക്​ സ്​പോട്ടുകളായി പ്രഖ്യാപിച്ച്​ എണ്ണം കണക്കാക്കുമെങ്കിലും അപകടം കുറക്കാനുള്ള നടപടികളൊന്നുമുണ്ടാകാറില്ല. സംസ്ഥാനത്ത്​ 374 ബ്ലാക്ക്​ സ്​പോട്ടുകളുണ്ടെന്നാണ്​ മോട്ടോർ വാഹനവകുപ്പിന്‍റെ കണ്ടെത്തൽ. അതിന്‍റെ അടിസ്ഥാനത്തിൽ അപകടങ്ങൾ ആവർത്തിക്കുന്ന റോഡുകൾ 3117 ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്​.

ഇതിൽ 872 എണ്ണം ഹൈ റിസ്​ക്കും 821 മോഡറേറ്റ്​ വിഭാഗത്തിലും 1424 ലോ റിസ്ക്​ വിഭാഗത്തിലുമാണ്​. ഇതിനനുസരിച്ച്​ ഗൂഗ്​ൾമാപ്പിലും വിവരങ്ങൾ ചേർത്തിട്ടുണ്ട്​. എന്നാൽ, ഇവിടം എങ്ങനെ അപകടരഹിതമാക്കാമെന്നത്​ ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്​.

Tags:    
News Summary - road safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.