റോഡ് സുരക്ഷ: വേണ്ടത് നാല് ഓഡിറ്റ്, എല്ലാം ചടങ്ങ് മാത്രം
text_fieldsതിരുവനന്തപുരം: റോഡ് നിർമാണത്തിലും വികസനത്തിലും സുരക്ഷ മുൻനിർത്തി നാല് ഓഡിറ്റുകൾ നിഷ്കർഷയാണെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ഗുരുതര വീഴ്ച. പുതിയ റോഡ് വിഭാവനം ചെയ്യുമ്പോഴും നവീകരിക്കുമ്പോഴും സുരക്ഷ മുന്‍നിര്‍ത്തിയുള്ള ഇന്ത്യൻ റോഡ് കോൺഗ്രസിന്‍റെ ഈ നാല് ഓഡിറ്റ് നിർദേശങ്ങളും ചടങ്ങാകുകയാണ്. പ്രാദേശികമായ പരിശോധനയോ ചർച്ചകളോ ഇല്ലാതെ അശാസ്ത്രീയമായാണ് പലയിടത്തെയും രൂപകൽപന. ഓഡിറ്റിങ്ങിലൂടെ നൽകുന്ന നിർദേശങ്ങളാകട്ടെ കടലാസിലൊതുങ്ങുകയും ചെയ്യുന്നു.
ഓഡിറ്റ് ഒന്ന്: പ്രവൃത്തികൾക്കു മുമ്പ് സുരക്ഷ ഓഡിറ്റ് നടത്തി വീതിയില്ലാത്ത പാലങ്ങള്‍, വളവുകള്‍, കയറ്റം, ഇറക്കം, ഇടുങ്ങിയ ഭാഗങ്ങള്‍ എന്നിവ സുരക്ഷിതമാക്കാനുള്ള മാര്‍ഗനിർദേശങ്ങൾ കൃത്യമായി നിഷ്കർഷിക്കുക.
ഓഡിറ്റ് രണ്ട്: നിർമാണ വേളയിൽ ഓഡിറ്റ് ഒന്നിലെ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക. ഈ സമയത്ത് സ്വീകരിക്കേണ്ട ക്രമീകരണങ്ങളും നിർദേശിക്കും. ഓഡിറ്റ് മൂന്ന്: നിര്‍മാണം പൂര്‍ത്തിയാക്കിയശേഷമുള്ള സുരക്ഷ വിലയിരുത്തലുകൾഓഡിറ്റ് നാല്: ഗതാഗതത്തിനായി റോഡ് തുറന്നശേഷം പ്രശ്നങ്ങൾ വിലയിരുത്തുക, പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുക.
ദേശീയപാത അതോറിറ്റിക്ക് ഓഡിറ്റിനായി എംപാനൽ ചെയ്ത ഏജൻസികളുണ്ട്. അതേസമയം സുരക്ഷ ഓഡിറ്റ് വ്യവസ്ഥകളുണ്ടെങ്കിലും അപകടങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ ഹമ്പ് സ്ഥാപിക്കലും വീതി കൂട്ടലുമാണ് പ്രധാനമായും സംസ്ഥാനത്തെ പ്രധാന പരിഹാര നിർദേശങ്ങൾ. ഭൂരിഭാഗം റോഡുകളുടെയും ചുമതലയുള്ള മരാമത്ത് വകുപ്പിലും തദ്ദേശ വകുപ്പിലും വളരെ കുറച്ച് ഉദ്യോഗസ്ഥർക്ക് മാത്രമാണ് റോഡ് സുരക്ഷ നടപടികളിൽ പരിശീലനം ലഭിച്ചിട്ടുള്ളത്.
ബ്ലാക്ക് സ്പോട്ട് 374, ക്ലസ്റ്ററുകൾ 3117
പതിവായി അപകടങ്ങളുണ്ടാകുന്ന മേഖലകളെ ബ്ലാക്ക് സ്പോട്ടുകളായി പ്രഖ്യാപിച്ച് എണ്ണം കണക്കാക്കുമെങ്കിലും അപകടം കുറക്കാനുള്ള നടപടികളൊന്നുമുണ്ടാകാറില്ല. സംസ്ഥാനത്ത് 374 ബ്ലാക്ക് സ്പോട്ടുകളുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പിന്‍റെ കണ്ടെത്തൽ. അതിന്‍റെ അടിസ്ഥാനത്തിൽ അപകടങ്ങൾ ആവർത്തിക്കുന്ന റോഡുകൾ 3117 ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്.
ഇതിൽ 872 എണ്ണം ഹൈ റിസ്ക്കും 821 മോഡറേറ്റ് വിഭാഗത്തിലും 1424 ലോ റിസ്ക് വിഭാഗത്തിലുമാണ്. ഇതിനനുസരിച്ച് ഗൂഗ്ൾമാപ്പിലും വിവരങ്ങൾ ചേർത്തിട്ടുണ്ട്. എന്നാൽ, ഇവിടം എങ്ങനെ അപകടരഹിതമാക്കാമെന്നത് ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.