കോഴിക്കോട്: മോഷ്ടിച്ച വാഹനങ്ങളുമായി കറങ്ങി നടക്കുന്നതിനിടെ യുവാവ് പിടിയിൽ. കരുവിശ്ശേരി കരൂൽത്താഴം സ്വദേശി സാജൽ എന്ന കണ്ണൻ (18) ആണ് പൊലീസ് പിടിയിലായത്.
മോഷ്ടിച്ച വാഹനങ്ങളുമായി കറങ്ങി നടന്ന് കടകളിൽ മോഷണം നടത്തുകയും മോഷ്ടിച്ചെടുക്കുന്ന സ്കൂട്ടറുകൾ കുറച്ചുനാൾ ഉപയോഗിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്. നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ, ഇരുമ്പ് സാധനങ്ങൾ എന്നിവ മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സാജൽ എന്നും പൊലീസ് അറിയിച്ചു.
ജില്ലയിലും അയൽ ജില്ലകളിലും നിരവധി മോഷണം നടത്തിയ സാജലിനെ നിരവധി തവണ പിടിക്കാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും അതിവിദഗ്ധമായി ഇയാൾ രക്ഷപ്പെടുകയായിരുന്നു. നേരത്തെ നൂറിലധികം മോഷണകേസുകളുമായി ഇയാളെ പിടികൂടിയിരുന്നു. ആക്റ്റീവ, ആക്സസ് ഇനത്തിൽപ്പെട്ട സ്കൂട്ടറുകളാണ് പ്രധാനമായും മോഷണം നടത്തിയിരുന്നത്. നിരവധി സ്കൂട്ടറുകൾ മോഷ്ടിച്ച വിവരം ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ലഹരിക്ക് അടിമയായ ഇയാൾക്ക് നിരവധി ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. മോഷണങ്ങൾക്കും ലഹരിക്കും വേണ്ടി 'റോബറി' എന്ന പ്രത്യേക ഗ്രൂപ്പ് തന്നെയുണ്ട്. ഈ ഗ്രൂപ്പിൽപ്പെട്ട സംഘങ്ങൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.