കറ്റാനം: ട്രെയിൻ യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിയെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച കറ്റാനം സ്വദേശിയായ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥനായ എം.എസ്. ഓമനക്കുട്ടന് അഭിനന്ദന പ്രവാഹം. ജനുവരി 18നാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ 54കാരിയായ കോഴിക്കോട് വടകര സ്വദേശിനി അനിത എന്ന യാത്രക്കാരിക്ക് നെഞ്ചുവേദനയുണ്ടായതായി റെയിൽവേ പാസഞ്ചേഴ്സ് എമർജൻസി നമ്പറായ 182ൽ സന്ദേശം ലഭിക്കുന്നത്.
ബോഗിക്കരുകിൽ ഓടിയെത്തിയ ഓമനക്കുട്ടെൻറ കൈകളിലേക്ക് കുഴഞ്ഞവീണ ഇവരെ സ്ട്രെക്ചറിന് കാത്തുനിൽക്കാതെ കോരിയെടുത്ത് ഓടുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. കൃത്യസമയത്ത് അടിയന്തര ഇടപെടൽ നടത്തി ഒരു ജീവൻ രക്ഷിച്ച ഓമനക്കുട്ടനെ ഡി.ആർ.എം അഭിനന്ദിക്കുകയും 4000 രൂപ അനുവദിക്കുകയും ചെയ്തു.
ഇത് കൂടുതൽ ഉത്തരവാദിത്തബോധവും അംഗീകാരവുമായി താൻ കരുതുന്നതായി ഓമനക്കുട്ടൻ വ്യക്തമാക്കുന്നു. അനിതയുടെ ബന്ധുക്കളും മക്കളും വിളിച്ചിരുന്നതായും ആൻജിയോപ്ലാസ്റ്റിക്ക് ശേഷം അനിത സുഖമായിട്ട് ഇരിക്കുന്നതായും അറിയിച്ചതായി ഓമനക്കുട്ടൻ പറയുന്നു. ഭാര്യ സുബി, മക്കളായ ഗായത്രി, ഗോപിക, ഗോകുൽ എന്നിവരടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.