കൊച്ചി: പരാതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്താമെന്നല്ലാതെ ശബരിമലയിൽ ആർക്കും സമരം നടത്താനാകില്ലെന്ന് ഹൈകോടതി. അസൗകര്യങ്ങൾ എല്ലാവർക്കുമുണ്ടാകും. അതിന്റെ പേരിൽ സമരത്തിനുള്ള സ്ഥലമല്ല ശബരിമല. സമരം പോലുള്ള സംഭവങ്ങൾ ശബരിമലയിൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ശബരിമലയിൽ ഡോളി തൊഴിലാളികൾ സമരംചെയ്ത സംഭവത്തിൽ റിപ്പോർട്ട് തേടിയാണ് കോടതിയുടെ നിർദേശം. ഡോളി സർവിസിന് നിലവിൽ നിശ്ചയിച്ചിരിക്കുന്ന 3500 രൂപയിൽ കൂടുതൽ ഈടാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
380 ഡോളികളാണ് ശബരിമലയിൽ സർവിസ് നടത്തുന്നതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഡോളി സർവിസ് പ്രീപെയ്ഡ് ആക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിലേക്ക് നയിച്ചത്. പിന്നീട് ചർച്ചകളിലൂടെ സമരം പിൻവലിക്കുകയായിരുന്നു. പ്രായമായവരും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമാണ് പ്രധാനമായും ഡോളി സർവിസിനെ ആശ്രയിക്കുന്നത്.
കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റിപ്പോർട്ട് തേടിയ കോടതി, അപകടത്തിൽപെട്ട വാഹനത്തിന്റെ ചിത്രമടക്കം ഹാജരാക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.