ശബരിമല: തീർഥാടകർ കുറഞ്ഞെങ്കിലും ശരണാരവങ്ങൾക്ക് കുറവുണ്ടായില്ല. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞപ്പോൾ പൂങ്കാവനമാകെ ശരണഘോഷത്തിൽ മുങ്ങി. അതോടെ സന്നിധാനം ഭക്തിയുടെ പരകോടിയിലായി.
മകരസംക്രമ സന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി തന്ത്രി കണ്ഠരര് രാജീവരുടെയും മേൽശാന്തി വി.കെ. ജയരാജ് പോറ്റിയുടെയും നേതൃത്വത്തിൽ ശ്രീകോവിലിൽ ദീപാരാധന നടന്നതിന് പിന്നാലെയാണ് 6.42ന് ഭക്തരുെട കണ്ണുകൾക്ക് കർപ്പൂരമായി പൊന്നമ്പല മേട്ടിൽ ജ്യോതി തെളിഞ്ഞത്. ഉച്ചത്തിലായ ശരണം വിളികൾക്ക് നടുവിൽ രണ്ടുതവണ കൂടി ജ്യോതി മിന്നിത്തെളിഞ്ഞു. പന്തളം കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച വൈകീട്ട് 6.31 ഓടെയാണ് പതിനെട്ടാംപടി കയറി അയ്യപ്പസന്നിധിയിൽ എത്തിയത്.
തിരുവാഭരണ പേടകം കൊടിമരച്ചുവട്ടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. എൻ. വാസുവും ചേർന്ന് സ്വീകരിച്ചു. ശ്രീകോവിൽ നടയിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് പേടകം ഏറ്റുവാങ്ങി.
തിരുവാഭരണ വിഭൂഷിതമായ അയ്യപ്പവിഗ്രഹത്തിൽ ദീപാരാധന നടത്തിയതിന് പിന്നാലെ അകലെ മകരജ്യോതിയും ദൃശ്യമായി. കോവിഡ് പശ്ചാത്തലത്തിൽ തീർഥാടകരുടെ എണ്ണം 5000 ആയി നിജപ്പെടുത്തിയിരുന്നു.
അയ്യപ്പെൻറ പിതൃസ്ഥാനമായ പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വലിയാനവട്ടം, ചെറിയാനവട്ടം വഴി നീലിമല കയറി അപ്പാച്ചിമേടും കടന്ന് വൈകീട്ട് 5.30 ഓടെയാണ് ശരംകുത്തിയിലെത്തിയത്.
ഇവിടെ ദേവസ്വം ബോർഡ് പ്രതിനിധികൾ ആചാരപൂർവം തിരുവാഭരണത്തെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. രാവിലെ 8.14 നായിരുന്നു മകരവിളക്ക് ദിവസത്തെ ഏറ്റവും പ്രധാനമായ മകരസംക്രമ പൂജ. മകരവിളക്ക് തീർഥാടനകാലം പൂർത്തിയാക്കി 20ന് നട അടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.