തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവം, കുടുംബവുമായി അടുത്ത ബന്ധം -സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: ശശി തരൂർ മണ്ഡലത്തിലൊതുങ്ങുന്ന നേതാവാല്ലെന്നും സംസ്ഥാന നേതാവാണെന്നും തരൂരിന് കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. 'പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് തരൂർ. ആ ബന്ധത്തിന്റെ തുടർച്ചയായാണ് പാണക്കാട് സന്ദർശനം. ഇപ്പോൾ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണ് അദ്ദേഹം' -സാദിഖലി തങ്ങൾ പറഞ്ഞു.

മറ്റ് പാർട്ടികളുടെ ആഭ്യന്തര കാര്യം ലീഗ് സംസാരിക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുമ്പും പലവട്ടം പാണക്കാട് വന്ന നേതാവാണ് തരൂർ. അദ്ദേഹവുമായി കോൺഗ്രസിന്റെ സംഘടന കാര്യം ഞങ്ങൾ സംസാരിച്ചിട്ടില്ല. തരൂരിന്റെ മലബാർ സന്ദർശനം മുന്നണിക്ക് ഗുണകരമായോ എന്ന് ഞങ്ങൾ അല്ല വിലയിരുത്തേണ്ടത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ത​ന്റെ പാണക്കാട് യാത്രയിൽ അസാധാരണമായി ഒന്നുമില്ലെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. മലബാറിൽ വരുമ്പോഴൊക്കെ പാണക്കാട് പോകാറുണ്ട്. ഇതുവഴി വരുമ്പോൾ ഇവിടെ കയറാതിരിക്കുന്നത് മര്യാദയല്ല. ഇത് അസാധാരണ സംഭവമല്ല. രണ്ട് യു.ഡി.എഫ് എം.പിമാർ ഒരു യു.ഡി.എഫ് ഘടകകക്ഷി നേതാവിന്റെ വീട്ടിൽ പോകുന്നു, അത്രമാത്രം -ശശി തരൂർ പാണക്കാട് തങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ശശി തരൂരിന്റെ സന്ദർശനത്തെ ആരാണ് ഭയക്കുന്നത് എന്ന ചോദ്യത്തിന് 'എനിക്ക് ആരെയും ഭയമില്ല, എന്നെ ആർക്കും ഭയമില്ല, അതിന്റെ ആവശ്യമേയില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കാൻ താൽപര്യമില്ല. എയും ഐയും ഒക്കെ കൂടുതലാണ്. ഇനി ഒയും ഇയും ഒന്നും വേണ്ട. അഥവാ ഒരക്ഷരം വേണമെന്നുണ്ടെങ്കിൽ യുനൈറ്റഡ് കോൺഗ്രസ് എന്നതിനെ പ്രതിനിധീകരിക്കുന്ന 'യു' ആണ് വേണ്ടത്' -തരൂർ പറഞ്ഞു.

ഇന്ന് രാവിലെയാണ് ശശി തരൂർ എം.പിയും എം.കെ രാഘവൻ എം.പിയും മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ എത്തിയത്. സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ഇരുവരെയും സ്വീകരിച്ചു. 

Tags:    
News Summary - Sadik Ali Shihab Thangal about shashi tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.